മണ്ണാര്‍ക്കാട് : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ച് വീണ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി.
ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സിന് മോട്ടോര്‍ വാഹന വകുപ്പ് മൂന്ന് മാസത്തേക്ക് അയോഗ്യത കല്‍പ്പിച്ചു. 2022 ഏപ്രില്‍ 13 മുതല്‍ ജൂലായ് 12 വരെയാണ് മഞ്ചേരി സ്വദേശി ജസീറിന്റെ ലൈസന്‍സിന് മണ്ണാര്‍ക്കാട് അഡീഷണല്‍ ലൈസന്‍സിങ് അതോറിറ്റി അയോഗ്യത കല്‍പ്പിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 19 (1), കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 21 പ്രകാരം മണ്ണാര്‍ക്കാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രശാന്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അന്നേ ദിവസം ബസില്‍ കണ്ടക്ടറായി ജോലി നോക്കിയിരുന്നയാള്‍ക്ക് ലൈസന്‍സില്ലായിരുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെയും ഡോര്‍ തുറന്ന് വെച്ച് വാഹനമോടിച്ചതില്‍ ഉടമയ്‌ക്കെതിരെയും നപടിയുണ്ടാകുമെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ചയോടെയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ മാജിത തസ്‌നീം ബസില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീണത്. പരിക്കേറ്റ കുട്ടിയെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.