മഞ്ചേരി : വീട് ജപ്തിചെയ്യാനെത്തിയ അഭിഭാഷക കമ്മിഷണറെ തടഞ്ഞ സംഭവത്തിൽ നജീബ് കാന്തപുരം എം.എൽ.എ. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ നിരുപാധികം മാപ്പുപറഞ്ഞു. സ്ത്രീകൾ മാത്രമുള്ള കുടുംബത്തിന്റെ വീട് ജപ്തിചെയ്യാനത്തിയപ്പോൾ മാനുഷികപരിഗണനവെച്ചാണ് ഇടപെട്ടതെന്നും വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ ആത്മഹത്യചെയ്യേണ്ടിവരുമെന്ന് അവർ പറഞ്ഞപ്പോഴുണ്ടായ വൈകാരികമായ പ്രകടനമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്നും എം.എൽ.എ. കോടതിയെ അറിയിച്ചു.
കോടതി ഉത്തരവുപ്രകാരം ജപ്തിനടപടിക്കെത്തിയ തന്നെ എം.എൽ.എ. തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഭിഭാഷക കമ്മിഷണർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ ഒരാഴ്‌ചയ്ക്കകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് മജിസ്ട്രേറ്റ് സരിത രവീന്ദ്രൻ എം.എൽ.എ.യ്ക്ക് നോട്ടീസ് അയച്ചു. തുടർന്നാണ് എം.എൽ.എ. അഭിഭാഷകനൊപ്പം വെള്ളിയാഴ്‌ച കോടതിയിൽ ഹാജരായി മാപ്പുപറഞ്ഞത്. കേസ് തിങ്കളാഴ്‌ച കോടതി വീണ്ടും പരിഗണിക്കും. പെരിന്തൽമണ്ണയിലെ വേങ്ങൂരിലായിരുന്നു സംഭവം. മേലാറ്റൂരിലെ ഒരു സഹകരണബാങ്കിൽനിന്ന് ചികിത്സയ്ക്കായി 2022-ലാണ് കുടുംബം വീടും സ്ഥലവും ഈടുവെച്ച് അഞ്ചുലക്ഷം രൂപ വായ്പയെടുത്തത്.
ഒരുലക്ഷത്തോളം രൂപ തിരിച്ചടച്ചിരുന്നു. എന്നാൽ കുടുംബനാഥൻ മരിച്ചതോടെ വായ്പാതിരിച്ചടവ് മുടങ്ങി. തുടർന്നാണ് അഭിഭാഷക കമ്മിഷണറും ബാങ്ക് അധികൃതരും പോലീസും അടങ്ങുന്ന സംഘം ജപ്തിക്കായി വീട്ടിൽ എത്തിയത്. വീട്ടുകാർ വിവരമറിയിച്ചതോടെ എം.എൽ.എ. വീട്ടിലെത്തി ജപ്തിനടപടി തടഞ്ഞ് ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയായിരുന്നു.




























