ബെംഗളൂരു: കർണാടകത്തിൽ മന്ത്രിമാർക്കും ലോക്‌സഭാ, രാജ്യസഭാ എംപിമാർക്കും പുതിയ വാഹനങ്ങൾ വാങ്ങാനുള്ള തുകയുടെ പരിധി സംസ്ഥാന സർക്കാർ വർധിപ്പിച്ചു. ഒക്ടോബർ എട്ടിന് പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പ്രകാരം, നിലവിലെ പരിധിയായ 26 ലക്ഷം രൂപയിൽ നിന്ന് 31 ലക്ഷം രൂപയായാണ് ഉയർത്തിയത്. ജിഎസ്ടി ഉൾപ്പെടെയുള്ള എക്സ്-ഷോറൂം വിലയാണിത്. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. മുമ്പ് 2022 ഓഗസ്റ്റ് 18ന് ബിജെപി സർക്കാർ അധികാരത്തിലിരിക്കെ ആണ് വാഹനങ്ങളുടെ വില പരിധി സർക്കാർ പുതുക്കി നിശ്ചയിച്ചിരുന്നത്. അന്ന് എക്സ്-ഷോറൂം വില 23 ലക്ഷം രൂപയായും ജിഎസ്ടി ഉൾപ്പെടെ 26 ലക്ഷം രൂപയായുമാണ് നിശ്ചയിച്ചിരുന്നത്. ധനകാര്യ വകുപ്പിന്റെ അനുമതിയോടെയാണ് ഇപ്പോൾ വീണ്ടും തുക വർധിപ്പിച്ചിരിക്കുന്നത്.
പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഇന്ധനക്ഷമത കൂടുതലുള്ളതും മെയിന്റനൻസ് ചെലവ് കുറഞ്ഞതുമായ മോഡലുകൾ തിരഞ്ഞെടുക്കണമെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സപ്ലൈസ് ആൻ്റ് ഡിസ്പോസൽ (DGS&D) നിരക്കുകൾക്ക് വിധേയമായിരിക്കണം ഇതെന്നും നിർദേശമുണ്ട്. ചുരുക്കത്തിൽ, മന്ത്രിമാർക്കും ഇരുസഭകളിലെയും എംപിമാർക്കും ഇനിമുതൽ പുതിയ വാഹനം വാങ്ങാൻ ജിഎസ്ടി ഉൾപ്പെടെ 31 ലക്ഷം രൂപ വരെ ചെലവാക്കാം.



























