പാലക്കാട് : ചാലിശ്ശേരിയിൽ അച്ഛൻ മക്കളെ മരക്കഷണം കൊണ്ട് മർദിച്ച സംഭവത്തിൽ ഇടപെട്ട് സിഡബ്ലുസി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മദ്യലഹരിയിൽ അച്ഛൻ പ്ലസ് വൺ, പത്താം ക്ലാസ് വിദ്യാർത്ഥികളായ മക്കളെ ക്രൂരമായി മർദ്ദിച്ചത്. നബിദിന പരിപാടിയുടെ ഭാഗമായി ദഫ് പരിശീലനത്തിന് പോയ കുട്ടികൾ വൈകിയെത്തി എന്നാരോപിച്ചാണ് പട്ടിക കൊണ്ട് തല്ലിയത്.
സംഭവത്തിന് പിന്നാലെ കുട്ടികൾ കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരമറിയിച്ചതോടെ ചാലിശ്ശേരി പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഇരുവരേയും മർദ്ദിച്ച അച്ഛൻ ഒളിവിൽ പോയിരുന്നു. പോലീസ് ഇയാൾക്കായി അന്വേഷണം തുടങ്ങി. അതേസമയം കുട്ടികൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും കൗൺസിലിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.