മുംബൈ: ബദലാപുരിൽ മൂന്നും നാലും വയസ്സുള്ള രണ്ടു പെൺകുട്ടികളെ സ്കൂൾ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. പ്രതിപക്ഷകക്ഷികൾ ചേർന്ന് 24-ന് സംസ്ഥാനബന്ദ് പ്രഖ്യാപിച്ചു. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച സർക്കാർ കേസിന്റെ വിചാരണ അതിവേഗകോടതിയിലേക്ക് മാറ്റുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഉജ്ജ്വൽ നികത്തെ നിയോഗിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ സംഘത്തെ അയക്കും. കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനുമുൻപ് ഇത്തരമൊരു സംഭവം പുറത്തുവന്നതോടെ ബദലാപുരിൽ ജനം തെരുവിലിറങ്ങുകയായിരുന്നു.
സംഘർഷാവസ്ഥ മൂർച്ഛിച്ചതോടെ ബദലാപുരിൽ ഇന്റർനെറ്റ് കണക്‌ഷൻ വിച്ഛേദിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്. ബദലാപുർ റെയിൽവേ സ്റ്റേഷൻ ഉപരോധിച്ചുനടന്ന പ്രതിഷേധം തീവണ്ടിഗതാഗതം തടസ്സപ്പെടുത്തി. ഓഗസ്റ്റ് 13-ന് സ്കൂളിലെ ശൗചാലയത്തിൽവെച്ചാണ് രണ്ടു വിദ്യാർഥിനികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. 16-ന് പെൺകുട്ടികളിലൊരാൾ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയായ സ്കൂളിലെ ശുചീകരണത്തൊഴിലാളി അക്ഷയ് ഷിന്ദേ(24) 17-നാണ് അറസ്റ്റിലായത്. പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കുട്ടികളുടെ മാതാപിതാക്കളെ ഏറെനേരം പോലീസ് പുറത്ത് കാത്തുനിർത്തിയിരുന്നു. പിന്നീട് ഇവരെ വിളിപ്പിച്ചുവെങ്കിലും സി.സി.ടി.വി. ദൃശ്യങ്ങളുടെ അഭാവത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് സ്റ്റേഷൻ ഇൻ ചാർജ് അറിയിച്ചു. ഇതോടെ മാതാപിതാക്കൾ ജില്ലാ ശിശുക്ഷേമസമിതിയെ സമീപിക്കുകയായിരുന്നു. സമിതിയുടെ നിർദേശപ്രകാരമാണ് പോലീസ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തത്.