മണിമല: കടയനിക്കാട് ഷാപ്പിന് സമീപം കട നടത്തിയിരുന്നയാൾ വാഹനം ഇടിച്ചുമരിച്ച സംഭവത്തിൽ നിർത്താതെ പോയ പിക്കപ്പ് വാനും ഉടമയും പിടിയിൽ. പാലാ അന്തിനാട് സ്വദേശി പുളിക്കൽ അനീഷ് ചന്ദ്രനെയാണ് പിടികൂടിയത്. കഴിഞ്ഞ നാലിന് രാത്രി 8.45ന് കടയടച്ച് വീട്ടിലേക്ക് നടന്നുപോയ കമലനെ വാഹനം ഇടിച്ച് തെറിപ്പിച്ചിട്ടശേഷം നിർത്താതെ പോവുകയായിരുന്നു. റോഡിൽ രക്തം വാർന്നുകിടന്ന കമലനെ അതുവഴി വന്ന സ്കൂട്ടർ യാത്രക്കാരും അയൽവാസികളും ചേർന്ന് ആശുപത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ല. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന സംഭവത്തിൽ വാഹനം കണ്ടെത്താൻ ജില്ല പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
അയൽവാസി നൽകിയ വാഹനത്തിന്റെ ശബ്ദത്തിന്റെ സൂചനയിൽനിന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് അന്വേഷണസംഘം നാലുദിവസത്തോളം കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും ആരാധനാലയങ്ങളിലെയും 150ഓളം സി.സി ടി.വി കാമറകളും നൂറോളം വാഹനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനം കണ്ടെത്തിയത്. മണിമല എസ്.എച്ച്.ഒ ബി. ഷാജിമോൻ, എസ്.ഐമാരായ സന്തോഷ് കുമാർ, വിജയകുമാർ, ബിജോയ് മാത്യു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.