റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാളിപ്ലാക്കൽ എൻ.എം.എൽ.എൽ.പി. സ്കൂളിന് മുൻവശത്തെ അപകടവളവുകളിൽ ടാറിംഗ് പൂർത്തിയാക്കാത്തത് തുടർച്ചയായ വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. റോഡ് നിര്‍മ്മാണം ഭാഗികമായി നടത്തി ഉപേക്ഷിച്ച ഈ ഭാഗത്ത് തുടര്‍ച്ചയായി അപകടങ്ങൾ നടന്നിട്ടും അധികൃതർ തികഞ്ഞ നിഷ്ക്രിയത്വം പാലിക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ രാത്രിയിലും ഇവിടെ അപകടം നടന്നു. രാത്രി രണ്ടു മണിയോടെ ആറുപേർ സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ ഓടയിലേക്ക് മറിയുകയായിരുന്നു. ഓടയ്ക്ക് കുറുകെ കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ തട്ടി നിന്നതിനാലാണ് കാറിലുണ്ടായിരുന്നവർക്ക് പരിക്കേല്‍ക്കാഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് നടന്നത്.
സ്കൂൾ വിദ്യാർത്ഥികളും കാൽനടയാത്രക്കാരും ദിവസവും കടന്നുപോകുന്ന റോഡാണിത്. വളവ് തിരിയുന്ന ഭാഗത്ത് റോഡ് കൃത്യമായി ടാർ ചെയ്യാത്തതിനാൽ റോഡില്‍ തെന്നിമാറുന്ന വാഹനങ്ങൾ ഓടയിലേക്കും സമീപത്തെ നടപ്പാതയിലേക്കും പതിക്കുകയാണ്. റോഡിന്റെ അപകടാവസ്ഥയെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചുമെല്ലാം കെ.എസ്.ടി.പി അധികൃതർക്ക് നാട്ടുകാര്‍ പലതവണ നിവേദനങ്ങളും പരാതികളും നല്കിയിട്ടും ഫലമുണ്ടായില്ല. ഒരു ജീവൻ പൊലിയുന്നതുവരെ കാത്തുനിൽക്കാതെ യുദ്ധകാലാടിസ്ഥാനത്തിൽ ഈ വളവിലെ ടാറിംഗ് പൂർത്തിയാക്കണമെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.






























