ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വ്യവസായിയുടെ വീട്ടില്‍ നിന്ന് 150 കോടി രൂപ ഇന്‍കം ടാക്‌സ് അധികൃതര്‍ പിടിച്ചെടുത്തു. പെര്‍ഫ്യൂം നിര്‍മാതാവ് പിയൂഷ് ജെയിന് അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്ന വ്യവസായിയുടെ സ്ഥാപനങ്ങളില്‍ നിന്നാണ് ഇത്രയും പണം പിടിച്ചെടുത്തത്. രണ്ട് വലിയ അലമാരകളിലായി അടുക്കി വെച്ച നിലയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. നോട്ടുകെട്ടുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് മഞ്ഞ ടേപ്പ് ഉപയോഗിച്ച് ഉറപ്പിച്ച നിലയിലായിരുന്നു. ഇത്തരത്തില്‍ 30ല്‍ അധികം ബണ്ടിലുകളാണ് പിടികൂടിയത്. മുറിയുടെ നടുക്ക് ഉദ്യോഗസ്ഥര്‍ നോട്ടെണ്ണാന്‍ ഇരിക്കുന്നതും ചുറ്റും പണത്തിന്റെ കൂമ്പാരവുമുള്ള ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇവിടെ നിന്ന് മൂന്ന് നോട്ടെണ്ണല്‍ യന്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇപ്പോഴും റെയ്ഡ് തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ ഇയാളുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ്. വ്യവസായി നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് റെയ്ഡ് ആരംഭിച്ചത്. വ്യാജ കണക്കുകള്‍ കാണിച്ചും ഇ വേ ബില്ലുകള്‍ ഇല്ലാതെയും സാധനങ്ങള്‍ അയച്ചതായി പരിശോധനയില്‍ കണ്ടെത്തി. പണമിടപാടുകളില്‍ മിക്കതും വ്യാജ സ്ഥാപനങ്ങളുടെ പേരിലാണ് നടത്തിയിട്ടുള്ളത്. ഇയാളില്‍ നിന്ന് നാല് ട്രക്കുകളും പിടിച്ചെടുത്തു.