തിരുവനന്തപുരം :ജില്ലയില്‍ വിവിധ പാടശേഖരങ്ങളോട് ചേര്‍ന്ന തോടുകളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നീ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി എല്ലാ ഓരുമുട്ടുകളും അടച്ചിട്ടുണ്ടെന്നും ഓരുവെള്ളം കയറുന്നില്ലെന്നും ഉറപ്പുവരുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാര്‍ഷിക മേഖലയിലെ തോടുകളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് കൂടുന്ന സാഹചര്യത്തില്‍ മന്ത്രി ഓണ്‍ലൈനായി വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് കര്‍ശന നിര്‍ദേശം നല്‍കിയത്. തോടുകളിലെ ഉപ്പിന്റെ അളവ് കുറക്കുന്നതിനായി വേലിയിറക്ക സമയത്ത് മണിയാര്‍ ഡാമില്‍ നിന്നും സെക്കന്‍ഡില്‍ 100 ക്യുമെക്‌സ് വെള്ളം താല്ക്കാലികമായി തുറന്ന് വിടുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
കന്നുകാലി പാലത്തിലുള്ള ഓരുമുട്ട് എത്രയും പെട്ടെന്ന് അടയ്ക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുട്ട് സ്ഥാപിക്കുന്നതിന് എതിര്‍പ്പുണ്ടായാല്‍ പോലീസ് സംരക്ഷണം തേടുന്നതിന് നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എം എല്‍ എ മാരായ എച്ച് സലാം, തോമസ് കെ തോമസ്, ദലീമ ജോജോ, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സി അമ്പിളി, ഇറിഗേഷന്‍ (മെക്കാനിക്കല്‍) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രദീപ് കുമാര്‍, ഇറിഗേഷന്‍ (കെഡി ഡിവിഷന്‍) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി ഡി സാബു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പരിശോധനാ സംഘം മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വെള്ളിയാഴ്ച്ച തന്നെ സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.