ന്യൂഡല്‍ഹി : പ്രതിദിന കുത്തിവയ്പ് ഇരട്ടിയാക്കിയാല്‍ മാത്രമേ എല്ലാവര്‍ക്കും വാക്സിന്‍ എന്ന ‘ഡിസംബര്‍ ലക്ഷ്യം’ നേടാന്‍ ഇന്ത്യയ്ക്ക് കഴിയൂ. ഇപ്പോഴത്തെ നയം അനുസരിച്ച് വാക്സിന് അഹര്‍തയുള്ള 18 വയസ്സിനു മുകളിലുള്ളവര്‍ 94 കോടിയാളുകള്‍ ഇന്ത്യയിലുണ്ട്. ലഭ്യമായ വാക്സിനുകളെല്ലാം 2 ഡോസ് വീതമാണെന്നതിനാല്‍ ആകെ 188 കോടി ഡോസ് വേണം. ഇന്നലത്തെ കണക്കുപ്രകാരം ഇതുവരെ 40 കോടി ഡോസാണ് നല്‍കിയത്. വര്‍ഷാവസാനത്തോടെ എല്ലാവര്‍ക്കും വാക്സിന്‍ എന്ന ലക്ഷ്യം നേടാന്‍ ഇനി 148 കോടി ഡോസ് വേണം. ദിവസം ഒരു കോടിയോളം വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലക്ഷ്യം അകലെയെന്നര്‍ഥം.
കുത്തിവയ്പു തുടങ്ങി ഏഴാം മാസത്തിലും ജനസംഖ്യയുടെ 5.79% ആളുകള്‍ക്കുമാത്രമാണ് 2 ഡോസും ലഭിച്ചത്. 18നു മുകളിലുള്ളവരെ മാത്രം പരിഗണിച്ചാല്‍ 8.51% പേര്‍ക്കും. ജനസംഖ്യയുടെ 28.98% പേര്‍ക്ക് ഒരു ഡോസെങ്കിലും ലഭിച്ചുവെന്ന ആശ്വാസമുണ്ട്. വാക്സിന്‍ ആവശ്യത്തിന് ലഭ്യമാകാത്തതാണ് മുഖ്യതടസ്സം. സംസ്ഥാനങ്ങളുടെ പക്കല്‍ 1.91 കോടി ഡോസ് ബാക്കിയാണെന്നുപറയുമ്പോഴും വിതരണം കാര്യക്ഷമമല്ല. 4 വാക്സീനുകള്‍ക്ക് അനുമതിയുണ്ടെങ്കിലും കോവിഷീള്‍ഡും കോവാക്സിനും തന്നെയാണ് ഇപ്പോഴും മിക്കയിടത്തുമുള്ളത്. നിയന്ത്രിത അളവില്‍ സ്പുട്നിക് ലഭിക്കുമ്പോള്‍ മൊഡേണയുടെ വിതരണം തുടങ്ങിയിട്ടില്ല.
വാക്സിന്‍ വിമുഖത തുടരുന്നതും മറ്റൊരു പ്രശ്നമാണ്. ജൂണ്‍ 21ന് ആയിരുന്നു റെക്കാര്ഡ് കുത്തിവയ്പ് – 88 ലക്ഷം. ഏതാനും ദിവസങ്ങളായി 30 – 40 ലക്ഷം എന്ന തോതിലാണ് വിതരണം. ജൂലൈയില്‍ പ്രതിദിന കുത്തിവയ്പ് ഒരു കോടിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് 50 ലക്ഷം ഡോസ് വീതമെങ്കിലും ആക്കാനായാല്‍ 60% ആളുകള്‍ക്ക് വാക്സിന്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കണക്ക്.