ജനീവ : കൊവിഡ്-19 മഹാമാരിയില്‍ ലോകാരോഗ്യ സംഘടനയ്‍ക്കെതിരെ ഇന്ത്യ ഉള്‍പ്പെടെ 62 രാജ്യങ്ങള്‍. ലോകാരോഗ്യ സംഘടനക്കെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. തിങ്കളാഴ്‍ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്ക് (WHA) മുന്നോടിയായി തയ്യാറാക്കിയ കരട് പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് സ്വന്ത്രവും സമഗ്രവുമായി അന്വേഷിക്കണമെന്നും കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. കൊറോണ വൈറസ് പ്രതിസന്ധി സമയത്ത് ഡബ്ല്യുഎച്ച്ഒ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗരാജ്യങ്ങളുമായി ആലോചിച്ച് വിലയിരുത്താനുള്ള നടപടികള്‍ വേണമെന്ന് പ്രമേയത്തില്‍ പറയുന്നു. യൂറോപ്യന്‍ യൂണിയനും പ്രമേയത്തെ പിന്തുണച്ചു. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ട ഓസ്ട്രേലിയയും പ്രമേയത്തെ അനുകൂലിച്ചു. വൈറസ് ബാധ ആദ്യമായി കണ്ടെത്തിയ വുഹാനെക്കുറിച്ചോ ചൈനയെക്കുറിച്ചോ പ്രമേയത്തില്‍ പരാമര്‍ശിക്കുന്നില്ല. ജപ്പാന്‍, യുകെ, ന്യൂസീലന്‍ഡ്, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു.