ഇന്ത്യ-ബംഗ്ലാദേശ് അവസാന ട്വന്‍റി-20 മത്സരം ഇന്ന് നടക്കും. പരമ്പരയിലെ മൂന്ന് മത്സരങ്ങളടങ്ങിയ ആദ്യ രണ്ട് മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യ ശ്രമിക്കുക മൂന്നാം മത്സരവും ജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും. അതേസമയം രണ്ട് മത്സരത്തിലും ദയനീയമായി പരാജയപ്പെട്ട ബംഗ്ലാദേശ് മൂന്നാമങ്കത്തിൽ ആശ്വാസ വിജയം തേടിയാണ് കളിക്കളത്തിൽ എത്തുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. ഏഴ് വിക്കറ്റിനായിരുന്നു ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിന്‍റെ വിജയമെങ്കിൽ രണ്ടാം മത്സരത്തിൽ 86 റൺസിന്‍റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതോടൊപ്പം മലയാളി താരം സഞ്ജു സാംസണ് ഈ മൂന്നാം മത്സരം നിർണായമാകും. ഇന്ത്യൻ ടീമിൽ ഓപ്പണിങ് പൊസിഷനിലെ ഏറ്റവും മികച്ച അവസരമായിരുന്നു സഞ്ജു സാംസണ് ലഭിച്ചത്. ആദ്യ മത്സരത്തിൽ 29 റൺസ് നേടി മോശമില്ലാതെ ബാറ്റ് വീശിയ സഞ്ജു രണ്ടാം മത്സരത്തിൽ ആകെ 10 റൺസ് നേടി മടങ്ങി. അതുകൊണ്ട് തന്നെ ചാമ്പ്യൻസ് ട്രോഫിയും മറ്റ് പരമ്പരകളും മുന്നിലിരിക്കെ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് സഞ്ജുവിന് നിർണായകമാണ്.
ഇന്ത്യ പരമ്പര സ്വന്തമാക്കിയതിനാൽ ബെഞ്ചിലിരിക്കുന്ന താരങ്ങൾക്ക് അവസരം നൽകുമോ എന്ന് കണ്ടറിയണം. വി ബിഷ്‌ണോയ്, തിലക് വർമ, ജിതേഷ് ശർമ, ഹർഷിത് റാണ എന്നിവരാണ് അവസരം കാത്ത് ഇന്ത്യൻ ബെഞ്ചിലുള്ളത്. പരമ്പരക്കിടെ ട്വന്‍റി-20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ബംഗ്ലാദേശ് ഓൾറൗണ്ടർ മഹ്മദുള്ളയുടെ വിടവാങ്ങൽ മത്സരം കൂടിയാവും ഇന്ന് ഹൈദരാബാദിലേത്.