ബന്ദർ സരി ബഗവാൻ: ഇന്ത്യയും ബ്രൂണൈയും തമ്മിലുള്ള ഉഭയകക്ഷിബന്ധം ‘വർധിച്ച പങ്കാളിത്തം’ എന്ന നിലയിലേക്കുയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവേളയിൽ ഇരുരാജ്യവും തീരുമാനിച്ചു. ബ്രൂണൈയുടെ തലസ്ഥാനമായ ബന്ദർ സരി ബഗവാനെയും ചെന്നൈയെയും ബന്ധിപ്പിച്ച് വിമാനസർവീസ് തുടങ്ങും. പ്രതിരോധം, വ്യവസായം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഊർജം, ബഹിരാകാശസാങ്കേതികവിദ്യ, ആരോഗ്യം, സംസ്കാരം തുടങ്ങി വിവിധ വിഷയങ്ങൾ മോദിയും ബ്രൂണൈ സുൽത്താൻ ഹസനൽ ബോൽകിയയും തമ്മിൽ ചർച്ചചെയ്തു. ഫിൻടെക്, സൈബർ സെക്യൂരിറ്റി, നവസാങ്കേതികവിദ്യകൾ, പുനരുപയോഗിക്കാവുന്ന ഊർജം തുടങ്ങിയ മേഖലകളിൽ പരസ്പരസഹകരണത്തിനുള്ള സാധ്യത പരിശോധിക്കാമെന്ന് ധാരണയായെന്ന് വിദേശകാര്യസെക്രട്ടറി (ഈസ്റ്റ്) ജയ്ദീപ് മജുംദാർ പറഞ്ഞു.
സ്വതന്ത്രമായ സമുദ്രസഞ്ചാരത്തിന്റെ ആവശ്യകതയും രണ്ടുനേതാക്കളും ചേർന്നിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. തെക്കൻ ചൈനാക്കടലിൽ ചൈന ആധിപത്യത്തിനുശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം. തെക്കൻ ചൈനാക്കടലിന്റെ തീരത്തുള്ള രാജ്യമാണ് ബ്രൂണൈ.
40 വർഷമായി നയതന്ത്രബന്ധമുണ്ടെങ്കിലും ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണൈയിൽ പോകുന്നത്.