ദില്ലി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 2.75 ലക്ഷം പിന്നിട്ടേക്കും. തുടർച്ചയായ അഞ്ച് ദിവസവും രണ്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം ആയിരത്തിന് മുകളിലാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ദില്ലി എന്നിവിടങ്ങളിലാണ് കൂടുതൽ ആഘാതം.
മഹാരാഷ്ട്രയിൽ 68,631 പേർക്ക് കൂടി കൊവിഡ് ബാധിച്ചപ്പോൾ ഉത്തർപ്രദേശിൽ 30596 പേരും ദില്ലിയിയിൽ 25462 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായി. സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വ്യാവസായിക ആവശ്യങ്ങൾക്ക് നൽകുന്നത് കേന്ദ്രം നിർത്തിവെച്ചിരിക്കയാണ്. സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണത്തിന് ഓക്സിജൻ എക്സ് പ്രസുകൾ ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു.
അതേസമയം ദില്ലിയിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലഫ്. ഗവർണ്ണുമായി കൂടിക്കാഴ്‌ച നടത്തും.ദില്ലിയുടെ വിഹിതം കേന്ദ്രം മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയത് മൂലമാണ് രാജ്യ തലസ്ഥാനത്ത് ഓക്സിജൻ ക്ഷാമം നേരിടുന്നതെന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു.