ന്യൂഡൽഹി :രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ സർവീസ് ആരംഭിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് സബർമതി റെയിൽവേ സ്റ്റേഷനിൽ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സെപ്റ്റംബർ 27ന് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. സബർമതി ഡിവിഷനിൽ ഏകദേശം 1,472 കോടി രൂപ ചെലവിൽ നടപ്പാക്കിയ വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ഡീസലിനൊപ്പം എൽഎൻജിയും ഉപയോഗിക്കുന്ന ഇരട്ട ഇന്ധന സംവിധാനത്തിലാണ് പുതിയ ട്രെയിൻ പ്രവർത്തിക്കുന്നത്. സബർമതി സംയോജിത കോച്ചിംഗ് ഡിപ്പോയിലെ 1,400 കുതിരശക്തി വീതമുള്ള രണ്ട് ഡ്രൈവിംഗ് പവർ കാറുകൾ ഇതിനായി പരിഷ്കരിച്ചു.
ഈ സംവിധാനത്തിലൂടെ ബന്ധപ്പെട്ട റൂട്ടിലെ ഡീസൽ ഉപഭോഗത്തിന്റെ ഏകദേശം 40 ശതമാനം വരെ എൽഎൻജി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനാകുമെന്നാണ് റിപ്പോർട്ട്. ഡീസലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനും വിദേശനാണ്യ ചെലവ് കുറയ്ക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.




























