ന്യൂഡല്‍ഹി : പുതിയ വിദ്യാഭ്യാസ നയത്തിലും ചൈനയെ ഉപേക്ഷിച്ച് ഇന്ത്യ. പാഠ്യപദ്ധതിയില്‍ ചൈനീസ് ഭാഷ ഉള്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് പുതിയ വിദ്യാഭ്യാസ നയത്തില്‍ യാതൊരു പരാമര്‍ശവുമില്ല.
സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലോകസംസ്‌കാരത്തെ പഠിക്കാനും ആഗോള വിജ്ഞാനത്തെ സമ്പന്നമാക്കാനും താത്പര്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കുമനുസരിച്ച് പഠിക്കാന്‍ കഴിയുന്ന വിദേശ ഭാഷകളുടെ പട്ടികയിലാണ് ചൈനീസ് ഉള്‍പ്പെടുത്താത്തത്.
കഴിഞ്ഞ വര്‍ഷം എന്‍ ഇ പിയുടെ കരട് ഇംഗ്ലീഷ് പതിപ്പില്‍ ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, ജാപ്പനീസ് തുടങ്ങിയ ഭാഷകള്‍ക്കൊപ്പം ചൈനീസിനെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എന്‍ ഇ പിയുടെ അന്തിമ ലിസ്റ്റില്‍ കൊറിയ, റഷ്യന്‍, പോര്‍ച്ചുഗീസ്, തായ് തുടങ്ങിയ ഭാഷകളെ ഉള്‍പ്പെടുത്തി ചൈനീസ് ഒഴിവാക്കിയാണ് പുറത്തിറക്കിയതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജവദേക്കര്‍ പറഞ്ഞു.
ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ നയത്തില്‍ നിന്നും ചൈനീസ് ഭാഷയെ ഒഴിവാക്കിയത്. ചൈനയുടെ 59 മൊബൈല്‍ ആപ്പുകളെയും സര്‍ക്കാര്‍ നിരോധിച്ചിരുന്നു.