ദില്ലി: കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ കേന്ദ്രസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. രാജ്യത്ത് സർക്കാരില്ലെന്നും പിആർ കമ്പനി മാത്രമാണുള്ളതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചപ്പോൾ, കൊവിഡിനെ തുടർന്നുള്ള മരണനിരക്ക് പല സംസ്ഥാനങ്ങളും മറച്ചുവെക്കുന്നതായി കോൺഗ്രസ് കുറ്റപ്പെടുത്തി.
രാജ്യത്ത് സർക്കാരില്ലെന്നും ,പി.ആർ കമ്പനി മാത്രമാണുള്ളതെന്ന് പറഞ്ഞ യെച്ചൂരി പ്രധാനമന്ത്രി വെറും തെരഞ്ഞെടുപ്പ് പ്രചാരകൻ മാത്രമെന്നും പരിഹസിച്ചു. തെരഞ്ഞെടുപ്പ് അല്ലാത്ത അവസരങ്ങളിൽ ടെലിവിഷനിൽ മുഖം കാണിച്ച് തലക്കെട്ടിലിടം പിടിക്കാനാണ് മോദിക്ക് താൽപര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിച്ച് നേരത്തെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഡിഎംകെയും രംഗത്ത് വന്നിരുന്നു,
കൊവിഡ് മരണനിരക്കിൽ പല സംസ്ഥാനങ്ങളും യഥാർത്ഥ കണക്ക് മറച്ച് വയ്ക്കുന്നതായാണ് കോൺഗ്രസിന്റെ ആക്ഷേപം. ഗുജറാത്തിലെയും ഉത്തർപ്രദേശിലെയും കണക്കുകളിൽ വലിയ അന്തരമുണ്ട്. സർക്കാരിന്റെ കണക്ക് ശ്മശാനങ്ങളിലെ ശവസംസ്കാര നിരക്കിനേക്കാൾ വളരെ പിന്നിലാണെന്നും കോൺഗ്രസിന്റെ സംസ്ഥാന ഘടകങ്ങൾ കുറ്റപ്പെടുത്തി. ഐസിഎംആർ നിർദ്ദേശ പ്രകാരമാണ് സർക്കാർ കണക്ക് രേഖപ്പെടുത്തുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി പ്രതികരിച്ചു. ആക്ഷേപവുമായി കോൺഗ്രസ് സംസ്ഥാന ഘടകങ്ങൾ.