ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം. ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്തുവിട്ടാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിൽ സ്വര്‍ണനേട്ടം ആവര്‍ത്തിച്ചത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തോടെ 2024 ലെ പാരീസ് ഒളിംപിക്സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യക്കായി. ഹോക്കി സ്വര്‍ണത്തോടെ ചൈനയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം 95 ആയി. നേരത്തെ ഗ്രൂപ്പ് മത്സരത്തില്‍ ഗോള്‍വര്‍ഷവുമായി സെമിയിലെത്തിയ ഇന്ത്യ സെമിയില്‍ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.
ഫൈനലിലും അഞ്ച് ഗോളടിച്ച് ഇന്ത്യന്‍ മുന്നേറ്റ നിര കരുത്തു കാട്ടി. ഗോള്‍രഹിതമായിരുന്ന പകുതിക്കു ശേഷം രണ്ടാം ക്വാര്‍ട്ടറില്‍ 25-ാം മിനിറ്റിലാണ് ഇന്ത്യ ഗോള്‍വര്‍ഷം തുടങ്ങിയത്. മന്‍പ്രീത് സിങായിരുന്നു ഇന്ത്യക്കായി ലിഡെടുത്തത്. ഗോള്‍ വീണതോടെ ആക്രമണം കനപ്പിച്ച ജപ്പാന്‍ ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഗോള്‍ പോസ്റ്റിന് താഴെ മലയാളി താരം പി ആര്‍ ശ്രീജേഷിന്‍റെ മിന്നും സേവുകള്‍ ഇന്ത്യയുടെ രക്ഷക്കെത്തി. ആദ്യ പകുതിയില്‍ ഇന്ത്യ ഒരു ഗോളിന് മാത്രം മുന്നിലായിരുന്നു.





























