ലഡാക്ക് : കൊവിഡ് വ്യാപനം ജീവന് വെല്ലുവിളി സൃഷ്ടിക്കുമ്പോഴും രാജ്യ സുരക്ഷയില്‍ വിട്ടു വീഴ്ച കാട്ടാതെ ഇന്ത്യന്‍ സൈന്യം. ജമ്മു-കശ്മീരിലെ കിഷ്ത്വാറില്‍ സൈന്യവും പോലീസും നടത്തിയ ഓപ്പറേഷനില്‍ ഭീകരവാദികളുടെ ഒളിത്താവളം തകര്‍ത്തു. കലാപങ്ങള്‍ നടത്താനായി സംഭരിച്ച നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഛാഛ വനത്തിനുള്ളില്‍ ഇന്നലെയായിരുന്നു സംയുക്ത നീക്കം നടത്തിയത്.
എകെ 56 തോക്ക്, 27 റൗണ്ട് വെടിയുതിര്‍ക്കാവുന്ന തരത്തില്‍ തിര നിറക്കാവുന്ന റൈഫിള്‍ മാഗ്സിന്‍, ഒരു അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, 9 എംഎം കൈത്തോക്ക്, ആറ് റൗണ്ട് വെടിയുതിര്‍ക്കാവുന്ന തരത്തിലുള്ള പിസ്റ്റള്‍ മാഗ്സിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. പാക് ഭരണകൂടത്തിന്റെ സഹായത്തോടെ സംഭരിച്ച ആയുധങ്ങള്‍ ഇവിടെ എത്തിക്കാന്‍ പ്രാദേശിക സഹായം ലഭിച്ചിരിക്കാമെന്നാണ് സംശയം. ഇത്തരക്കാരെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തുന്നുണ്ട്. നേരത്തെ പുല്‍വാമ ജില്ലയിലും ഭീകരവാദികളുടെ ഒളിസങ്കേതം സുരക്ഷാസേന തകര്‍ത്തിരുന്നു. രോഗവ്യാപന കാലത്ത് സര്‍ക്കാരിന്റെ ശ്രദ്ധ മാറിയത് അവസരമാക്കിയാണ് ഭീകരവാദികള്‍ പ്രവര്‍ത്തനം സജീവമാക്കിയത്.