ദുബൈ : യു.എസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 84 രൂപ 92 പൈസയിലെത്തി. ആഗോള വിപണിയിൽ രൂപയുടെ മൂല്യം ഇടിഞ്ഞത് ഗള്‍ഫ് കറന്‍സികളിലും പ്രതിഫലിച്ചു. യു.എ.ഇ ദിർഹം ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ദിർഹമിന് 23 രൂപ 13 പൈസയെന്നതാണ് നിരക്ക്. ഇത് പ്രവാസികൾക്ക് ഏറെ സഹായമായിട്ടുണ്ട്. രൂപയുടെ മൂല്യമിടിവ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കേറി. മറ്റ് ഗള്‍ഫ് കറന്‍സികളുമായും രൂപയുടെ മൂല്യമിടിഞ്ഞിട്ടുണ്ട്. ബഹ്റൈന്‍ ദീനാറുമായി 225.23 രൂപയും കുവൈത്ത് ദീനാറുമായി 276.05 രൂപയും ഒമാനി റിയാലുമായി 220.59 രൂപയും സൗദി റിയാലുമായി 22.60 രൂപയും ഖത്തരി റിയാലുമായി 23.36 രൂപയുമാണ് നിരക്ക്.
വ്യാപാര കമ്മി ഗണ്യമായി വർധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് രൂപയുടെ മൂല്യമിടിഞ്ഞത്. മൂല്യമിടിവ് തുടർന്നാല്‍ റിസർവ് ബാങ്കിന്റെ ഇടപെടലുണ്ടായേക്കും. ഓഹരി വിപണികളിലെ നഷ്ടമാണ് രൂപയുടെ മൂല്യമിടിയുന്നതിനുള്ള പ്രധാന കാരണം. ഉയർന്ന സ്വർണ ഇറക്കുമതിയും ദുർബലമായ കയറ്റുമതിയും കാരണം രാജ്യത്തിന്റെ വ്യാപാര കമ്മി റെക്കോഡ് നിലയിലേക്കെത്തിയെന്നുള്ള കണക്കുകള്‍ തിങ്കളാഴ്ച ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഇതും രൂപയുടെ മൂല്യമിടിവിന് കാരണമായി. നവംബറിലെ ഇന്ത്യയുടെ ചരക്ക് കയറ്റുമതി പ്രതിവർഷം 4.9 ശതമാനം ഇടിഞ്ഞ് 32.11 ശതകോടി ഡോളറിലെത്തിയിരുന്നു. ഇറക്കുമതി 27 ശതമാനത്തിലധികം ഉയർന്ന് 69.95 ശതകോടി ഡോളറിലെത്തി. അസംസ്കൃത എണ്ണവില ഉയരുന്നതും രൂപക്ക് തിരിച്ചടിയാകുന്നുണ്ട്.