താമരശേരി: ഫണ്ട് പിരിവിൽ ഉദാസീനത കാണിച്ചെന്നാരോപിച്ച് താമരശേരിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെ ഡിസിസി പിരിച്ചുവിട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കെട്ടിട നിർമാണഫണ്ട് സ്വരൂപിക്കുന്നതിൽ വീഴ്ചവരുത്തിയതിന്റെ പേരിലാണ് നടപടി. കെട്ടിട നിർമാണഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ വ്യാഴാഴ്ച താമരശേരി കോൺഗ്രസ് ഭവനിൽ എത്തിയിരുന്നു.
3.6 ലക്ഷം നിശ്ചയിച്ചതിൽ 1.30 ലക്ഷം രൂപയാണ് മണ്ഡലം കമ്മിറ്റിക്ക് സ്വരൂപിക്കാനായത്. ഫണ്ട് കുറഞ്ഞതുകണ്ട് തുക ഏറ്റുവാങ്ങി കാര്യമായൊന്നും സംസാരിക്കാതെ പ്രവീൺകുമാർ തിരിച്ചുപോയി. പിന്നീട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.സി. നസിമുദ്ദീൻ വ്യക്തിപരമായ കാരണങ്ങളാൽ താൻ പദവി രാജിവയ്ക്കുകയാണെന്നു കാണിച്ച് ഡിസിസി പ്രസിഡന്റിനു കത്ത് കൈമാറി.