മട്ടന്നൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ നീക്കം. ഫര്‍സീന്‍ മജീദ് സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തണമെന്നും പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ കലക്‌ടര്‍ക്കു ശുപാര്‍ശ നല്‍കി. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസുകളില്‍ അടക്കമാണു നിര്‍ദേശം. ഫര്‍സീന്‍ മജീദിനെതിരായ കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍നിന്നു നാടുകടത്തണമെന്നു പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫര്‍സീന്‍ കണ്ണൂരില്‍ തുടരുന്നതു ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.
ജൂണ്‍ 13ന് കണ്ണൂര്‍ – തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് ഫര്‍സീന്‍ മജീദും നവീന്‍ കുമാറും മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധിച്ചത്. ‘മുഖ്യമന്ത്രി രാജിവെയ്ക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയതിനു പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇവരെ സീറ്റുകള്‍ക്കിടയിലേക്കു തള്ളിയിട്ടു. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിനു ഹാനികരമായ രീതിയില്‍ അക്രമം കാട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ളോക്ക് ഭാരവാഹിയാണ് ഫര്‍സീന്‍.