പത്തനംതിട്ട : ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനം നാളെ (ഓഗസ്റ്റ് 15) പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ആഘോഷിക്കും. രാവിലെ ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും.
രാവിലെ 8.30ന്് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. 8.40ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.45ന് ജില്ലാ പോലീസ് മേധാവിയുടെ ആഗമനം. 8.50ന് ജില്ലാ കളക്ടറുടെ ആഗമനം. ഒന്‍പതിന് മുഖ്യാതിഥിയായ മന്ത്രി വീണാ ജോര്‍ജ് എത്തുന്നതോടെ സേനാംഗങ്ങളുടെ സല്യൂട്ട്. തുടര്‍ന്ന് മുഖ്യാതിഥി ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാക ഉയര്‍ത്തും. 9.10ന് മുഖ്യാതിഥി പരേഡ് പരിശോധിക്കും. 9.15ന് മുഖ്യാതിഥിയുടെ സ്വാതന്ത്ര്യദിന സന്ദേശം. 9.20ന് ദേശീയ ഗാനം.
ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയിരിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സ്റ്റേഡിയം കവാടത്തില്‍ ക്രമീകരിച്ചിരിക്കുന്ന തെര്‍മല്‍ സ്‌കാനിംഗിനു വിധേയകമാകുകയും കൈകള്‍ അണുവിമുക്തമാക്കുകയും ചെയ്യണം. മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവ സ്റ്റേഡിയത്തില്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ല. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ ഉണ്ടായിരിക്കില്ല. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് മന്ത്രി വീണാ ജോര്‍ജിന്റെയും പത്തനംതിട്ട ജില്ലാ കളക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും.