കൊച്ചി : ഇന്ത്യ ഇന്ന് 75-ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഒട്ടനവധി പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെ സ്മരണകള്‍ ഉണരുന്ന ദിനം. ത്രിവര്‍ണ പതാകകള്‍ രാജ്യമെങ്ങും പാറിക്കളിക്കുമ്പോള്‍ മനസ്സില്‍ ദേശീയതയുടെയും മാനവികതയുടെയും മന്ത്രങ്ങള്‍ ഉണരും. ജനാധിപത്യ മൂല്യങ്ങളുടെ സങ്കല്‍പങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദിനമാണിത്. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പോര്‍വഴികളില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഹൃദയങ്ങളെ സ്മരിക്കേണ്ട ദിനം കൂടിയാണിത്. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെയും നമ്മുടെ രാഷ്ട്രത്തെ മോചിപ്പിക്കാന്‍ ജീവന്‍ സമര്‍പ്പിച്ച ധീരനേതാക്കളുടെയും ത്യാഗങ്ങളുടെ കഥകള്‍ ഓര്‍മ്മിക്കാന്‍ രാജ്യമെമ്പാടും ഇന്ന് ദേശീയപതാക ഉയര്‍ത്തും.
1757 മുതല്‍ ഏകദേശം രണ്ട് നൂറ്റാണ്ടുകളായി ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ ഭരണത്തിന് പൂട്ടിട്ട ദിനം. ബ്രിട്ടീഷ് സാമ്രാജ്യം 1619 ല്‍ ഗുജറാത്തിലെ സൂറത്തിലെ ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന ട്രേഡിംഗ് കമ്പനി വഴി ഇന്ത്യയില്‍ ആദ്യമായി കാലുകുത്തിയതുമുതല്‍ സ്വാതന്ത്യത്തിന്റെ മധുരമറിഞ്ഞ ദിനം വരെ അരങ്ങേറിയത് ഒട്ടനവധി പോരാട്ടങ്ങളുടെ പരമ്പരയായിരുന്നു. അതിനിടെ ഒരുപാട് ജീവനുകള്‍ പൊലിഞ്ഞു. ഒട്ടനവധി ഇന്ത്യക്കാര്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരതകള്‍ക്കിരയായി നരകയാതനകള്‍ സഹിച്ചു, സ്ത്രീകളും കുട്ടികളുംപോലും അതില്‍ നിന്നും മോചിതരായിരുന്നില്ല.
ഇന്ത്യക്കാരുടെ മനസ്സില്‍ കലാപത്തിന്‍റെ വിത്ത് വിതയ്ക്കുകയും പിളര്പ്പിന്റെ വക്കിലെത്തിക്കുകയും ചെയ്തതും മറ്റൊരു ചരിത്രമാണ്. മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, തുടങ്ങിയ നേതാക്കളും സ്വാതന്ത്ര്യസമര സേനാനികളും സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ട് ഇന്ത്യയ്ക്ക് സ്വാതന്ത്യം നേടിത്തന്നു. സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരായ സ്വാതന്ത്ര്യസമര സേനാനികളുടെ ശ്രമഫലമായി ഇന്ന് നമ്മള്‍ സമാധാനപരമായ സ്വതന്ത്ര ജീവിതം നയിക്കുന്നു. ഇന്ത്യയെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കാനുള്ള അവരുടെ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ വികസനത്തിന്റെയും വളര്‍ച്ചയുടെയും രുചിയറിഞ്ഞത്.
75-ാം സ്വാതന്ത്ര്യദിനത്തിന്റെ ശോഭയില്‍ ആണ് ഇന്ന് രാജ്യം. രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പങ്കെടുത്തു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ജനങ്ങളോട് വീടുകളില്‍ തന്നെയിരുന്ന് ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുവാനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.