ഹൈദരാബാദ് : രോഗം വന്ന കോഴിയെ കറിവച്ചു കഴിച്ച കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചു. തെലങ്കാനയിലെ മേധക് ജില്ലയിലാണ് സംഭവം. ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്നാണ് പതിമൂന്നും പത്തും വയസ്സുള്ള കുട്ടികൾ മരിച്ചത്. ഇവരുടെ പിതാവ് ചിക്കന്‍ ഫാമിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാത്രി ഇവര്‍ ഫാമിലെ അസുഖം ബാധിച്ച കോഴികളില്‍ ഒന്നിനെ കറിവച്ചു കഴിച്ചതാണ് രോഗ ബാധയേൽക്കാൻ കാരണം എന്നാണ് പോലീസ് നിഗമനം.
ഭക്ഷണം കഴിഞ്ഞ് ഉറങ്ങിയ കുട്ടികള്‍ പുലര്‍ച്ച മൂന്നു മണിയോടെ വയറുവേദനയെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികളുടെ മാതാവ് ബാലാണി (40) ആശുപത്രിയിലാണ്. ഇവരുടെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.