കൊച്ചി: വന്ധ്യത ചികിത്സയ്ക്ക് എത്തിയ ദമ്പതികൾക്ക് കൃത്രിമ ബീജസങ്കലനം വഴി കുട്ടികളുണ്ടാകാൻ സഹായിക്കുന്ന ചികിത്സ നടത്താമെന്നും അത് 100 % വിജയമായിരിക്കുമെന്നും വാഗ്ദാനം ചെയ്ത് വൻ തുക കൈപ്പറ്റി കമ്പളിപ്പിച്ചുവെന്ന പരാതിയിൽ 2.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. വന്ധ്യത ചികിത്സക്ക് എന്ന പേരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് 100% വിജയം വാഗ്ദാനം ചെയ്യുകയും അഡ്വാൻസായി 1000 രൂപ കൈപ്പറ്റുകയും ചെയ്തു. തുടർന്ന് രണ്ടു ലക്ഷത്തി നാല്പതിനായിരം രൂപ ഫീ ഇനത്തിൽ ദമ്പതിമാരിൽ നിന്നും വാങ്ങി.
പണം മുഴുവൻ വാങ്ങിയതിനു ശേഷം ഐവിഎഫ് വിജയിക്കുക എന്നത് സംശയാസ്പദമാണ് എന്ന് പറയുകയും കൂടുതൽ പരിശോധനക്കായി 40000 രൂപ അധികമായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരി ആ തുകയും നൽകി. തുടർന്നാണ് ഇവർ വെറും മാർക്കറ്റിംഗ് ഏജൻറ്മാർ മാത്രമാണെന്ന് ഇവരുടെ വാഗ്ദാനത്തിൽ യാതൊരു അടിസ്ഥാനവുമില്ല എന്നും പരാതിക്കാരിക്ക് ബോധ്യപ്പെട്ടത്. വാങ്ങിയ തുക തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എതിർകക്ഷിയെ സമീപിച്ചുവെങ്കിലും അത് നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. എറണാകുളത്തെ ബ്രൗൺ ഹാൾ ഇൻറർനാഷണൽ ഇന്ത്യ എന്ന ഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
വാഗ്ദാനം ചെയ്ത സേവനം നൽകിയില്ല എന്ന് മാത്രമല്ല 100% വിജയം വാഗ്ദാനം ചെയ്യുകയും അത് പാലിക്കാതിരിക്കുകയും ചെയ്തിനാൽ സാമ്പത്തിക നഷ്ടവും മന:ക്ലേശവും ഇതുമൂലം പരാതിക്കാരിക്കുണ്ടായി. ആരോഗ്യരംഗത്തെ അനാരോഗ്യകരവും അധാർമികവുമായ വ്യാപാര രീതിയാണിത്. ഇത്തരം ചൂഷണങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കാൻ ശക്തമായ ഇടപെടൽ അനിവാര്യമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരി നൽകിയ രണ്ട് ലക്ഷത്തി നാല്പത്തി ഒന്നായിരം രൂപ എതിർകക്ഷി തിരിച്ചു നൽകണം, കൂടാതെ കോടതി ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ 25,000/- രൂപയും 30 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്നും എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.
തയ്യാറാക്കിയത് Adv. K. B MOHANAN 9847445075