തിരുവനന്തപുരം: ഐജി പി വിജയന്റെ സസ്‌പെന്‍ഷന് പിന്നില്‍ പോലീസ് ആസ്ഥാനത്തെ ചേരിപ്പോരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏറെക്കാലമായി പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ രണ്ടു ചേരിയിലാണ്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സസ്പെന്‍ഷനെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ട്രെയിന്‍ തീവെപ്പ് കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപിച്ചതാണ്.
തീയിട്ടതിന് ശേഷവും പ്രതി അതേ ട്രെയിനിലാണ് കണ്ണൂരിലെത്തിയത്. ട്രെയിനിലോ റെയില്‍വേ സ്റ്റേഷനിലോ യാതൊരു പരിശോധനയും നടത്തിയില്ല. പ്രതിയെ പിടകൂടിയതിലും കേരള പോലീസിന് യാതൊരു പങ്കുമില്ല. പ്രതിയെ പോലീസ് കേരളത്തിലെത്തിക്കുക മാത്രമാണ് ചെയ്തത്. കേരളത്തിലേക്ക് എത്തിക്കുന്നതിലും ഗുരുതരമായ വീഴ്ചയുണ്ടായി. ഇപ്പോള്‍ വാര്‍ത്ത ചോര്‍ന്നതിന്റെ പേരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പോലീസിനുണ്ടായ അനാസ്ഥയിലല്ല, വാര്‍ത്ത ചോര്‍ന്നതിലാണ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു.