അനുമതി ഇല്ലാതെ കെട്ടിട നിര്‍മാണം
പഞ്ചായത്തില്‍ അറിയിക്കണം
വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരണ ശേഖരണ നടപടികള്‍ ആരംഭിച്ചു. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ കെട്ടിടം നിര്‍മിക്കുകയോ നിലവിലുളള കെട്ടിടത്തിന് ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മെയ് 15 ന് മുമ്പായി ഫോറം 9 ബി യില്‍ പഞ്ചായത്തില്‍ അറിയിക്കണം. ഫോറം പഞ്ചായത്ത് ഓഫീസിലും പഞ്ചായത്ത് വെബ്സൈറ്റിലും ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇ-ഫയലായും ഫോറം 9 ബി സമര്‍പ്പിക്കാം. യഥാസമയം വിവരം നല്‍കാത്തവരില്‍ നിന്നും പിഴ ഈടാക്കുമെന്നും വളളിക്കോട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ശാസ്ത്രീയ തെങ്ങുകൃഷി പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ തെങ്ങുകൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. തെങ്ങുകളുടെ നടീല്‍, വളപ്രയോഗം, രോഗ കീട നിയന്ത്രണം തുടങ്ങിയ വിഷയങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെയ് 16 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും മെയ് 15 ന് പകല്‍ മൂന്നിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് നിര്‍മാണോദ്ഘാടനം നാളെ (13)
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പുതിയ ഒ.പി ആന്റ് ഡയഗനോസ്റ്റിക് ബ്ലോക്ക് നിര്‍മാണോദ്ഘാടനം നാളെ (മെയ് 13). ഉച്ചയ്ക്ക് ശേഷം 2.30 ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും 30.25 കോടി രൂപ അനുവദിച്ചാണ് നിര്‍മാണം നടത്തുന്നത്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
കേരളസംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി നിലവില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ ആധാര്‍, സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട്, ക്ഷേമനിധി കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക് എന്നിവയുമായി ജൂലൈ 30 ന് മുന്‍പായി പത്തനംതിട്ട കേരളസംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം. ഫോണ്‍ – 0468 2220248.
അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനായി കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ സ്വകാര്യ വസ്തുക്കളില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുകയോ ശിഖരങ്ങള്‍ മുറിച്ചു മാറ്റുകയോ ചെയ്യണം. അല്ലാത്ത പക്ഷം ഇതുമൂലം ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങള്‍ക്കും ഭൂഉടമ പൂര്‍ണ ഉത്തരവാദിയായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
കെട്ടിട ഉടമകള്‍ വിവരങ്ങള്‍ പഞ്ചായത്തില്‍ നല്‍കണം
മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ലഭിച്ച ശേഷം കെട്ടിടം പുതുക്കി പണിയുകയോ കൂട്ടിചേര്‍ക്കുകയോ ഏതെങ്കിലും വിധത്തില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടുളള പക്ഷം ആ വിവരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മെയ് 15 ന് മുന്‍പ് അറിയിക്കണം. വിവരം അറിയിക്കുന്നതിനുളള ഫോറം 9 ബി പഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്. ഫോറം 9 ബി യില്‍ ഇപ്രകാരം മെയ് 15 ന് മുമ്പായി അറിയിച്ചാല്‍ പിഴ ഒഴിവാക്കുമെന്ന് മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മൈലപ്ര ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്;
അവലോകന യോഗം 16 ന്
മൈലപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലേക്കുളള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവലോകന യോഗം മെയ് 16 ന് രാവിലെ 10.30 ന് വരണാധികാരി, മൈലപ്ര ഗ്രാമപഞ്ചായത്ത് (തഹസില്‍ദാര്‍, റവന്യൂ റിക്കവറി ഓഫീസ്, പത്തനംതിട്ട) ന്റെ ചേംബറില്‍ ചേരും. ഫോണ്‍ : 0468 2323633.
കെട്ടിട ഉടമകള്‍ വിവരങ്ങള്‍ പഞ്ചായത്തില്‍ നല്‍കണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിട നമ്പര്‍ നല്‍കിയ ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ ഉപയോഗ ക്രമത്തിലോ മാറ്റം വരുത്തിയിട്ടുളള കെട്ടിട ഉടമകള്‍ മെയ് 20 ന് മുന്‍പ് ഫോറം 9 ബി യില്‍ രേഖാമൂലം ഗ്രാമപഞ്ചായത്തില്‍ സത്യാവാങ്മൂലം നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. നല്‍കാത്ത പക്ഷം നിയമാനുസൃത പിഴയും മറ്റ് നടപടികളും സ്വീകരിക്കും.
എന്റെ കേരളം മേളയില്‍ നാളെ (13)
മേയ് 13ന് രാവിലെ ഒന്‍പതിന് റവന്യു -ദുരന്തനിവാരണ വകുപ്പിന്റെ സെമിനാര്‍-സുസ്ഥിര വികസനത്തില്‍ ദുരന്തനിവാരണത്തിന്റെ പങ്ക്. രാവിലെ 11ന് കൃഷി വകുപ്പിന്റെ സെമിനാര്‍-ചെറുധാന്യങ്ങള്‍-കൃഷിയും സാധ്യതകളും. ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബശ്രീ ജില്ലാ മിഷന്റെ സാംസ്‌കാരിക പരിപാടികള്‍. വൈകുന്നേരം നാലിന് ജില്ലാ കഥകളി ക്ലബിന്റെ കഥകളി. രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക അപര്‍ണരാജീവിന്റെ ഗാനമേള- അണ്‍പ്ലഗ്ഗ്ഡ്. രാത്രി 8.30ന് ജയചന്ദ്രന്‍ കടമ്പനാടിന്റെ മണ്‍പാട്ട്.