മുട്ട കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ മുന്തിയ ഇനത്തില്‍പ്പെട്ട പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുള്ള ഒരു മാസം പ്രായമായ ബിവി 380 മുട്ട കോഴികുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ട്. സ്ഥലപരിമിതിയുള്ള സാഹചര്യത്തില്‍ ഹൈടെക് കൂടുകളില്‍ വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ ബിവി 380 ഇനത്തില്‍പ്പെട്ട കോഴികള്‍ ഒരു വര്‍ഷം 300 ഓളം മുട്ടകള്‍ ഉത്പാദിപ്പിക്കും. കര്‍ഷകരുടെ ആവശ്യാനുസരണം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ വിപണന കേന്ദ്രത്തില്‍ നിന്നും മുട്ടകോഴി കുഞ്ഞുങ്ങളെ വാങ്ങാം. ഫോണ്‍: 8078572094.
പദ്ധതികള്‍ക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കി വരുന്ന ദുര്‍ബല വിഭാഗങ്ങളുടെ പുന:രധിവാസ പദ്ധതി 2023-24 വര്‍ഷം നടപ്പാക്കുന്നതിനായി പത്തനംതിട്ട ജില്ലയുടെ പരിധിയിലുള്ള നായാടി, വേടന്‍, കള്ളാടി, അരുന്ധതിയാര്‍/ചക്ലിയന്‍ എന്നീ വിഭാഗത്തില്‍പെട്ടവരില്‍ നിന്നും പഠനമുറി പദ്ധതി, ടോയ്ലറ്റ് പദ്ധതി, ഭവനപുനരുദ്ധാരണം പദ്ധതി, കൃഷി ഭൂമി പദ്ധതി(കുറഞ്ഞത് 25 സെന്റ് വാങ്ങുന്നതിന് 10 ലക്ഷം രൂപ), സ്വയം തൊഴില്‍ പദ്ധതി (അപേക്ഷകന് ഇഷ്ടമുളള പദ്ധതിയുടെ പ്രോജക്ട്, ആവശ്യമായ തുക എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം) തൊഴില്‍ പരിശീലനം തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ അധികരിക്കുവാന്‍ പാടില്ല. താല്‍പര്യം ഉള്ളവര്‍ ജൂണ്‍ 15 ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് – പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, പത്തനംതിട്ടയുമായി ബന്ധപ്പെടാം. ഫോണ്‍ -0468 2322712.
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ മൂന്നിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ മൂന്നിന് രാവിലെ 11 ന് പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.
ശിശുക്ഷേമ സമിതി യോഗം 30ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ പൊതുയോഗം മേയ് 30ന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേരും.
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 30ന്
കേരള വനിതാ കമ്മീഷന്‍ മേയ് 30ന് തിരുവല്ല വൈ.എം.സി.എ ഹാളില്‍ രാവിലെ 10 മുതല്‍ മെഗാഅദാലത്ത് നടത്തും.
സ്വയം തൊഴില്‍ സംരംഭം
തുടങ്ങുന്നതിന് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
കെസ്റു
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴില്‍ പദ്ധതി.
അപേക്ഷകന്‍/അപേക്ഷക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം. പ്രായ പരിധി 21 നും 50 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വായ്പ തുക പരമാവധി ഒരു ലക്ഷം രൂപയായിരിക്കും. വായ്പ തുകയുടെ 20 ശതമാനം സബ്സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും.
മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ്/ജോബ് ക്ലബ്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വായ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം. പ്രായം 21 നും 45 നും മധ്യേ. പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടിക വര്‍ഗ വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഓരോ ക്ലബ്ബിലും കുറഞ്ഞത് രണ്ട് അംഗങ്ങള്‍ വീതം ഉണ്ടായിരിക്കണം. ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്സിഡിയായി അനുവദിക്കും.
ശരണ്യ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍. 30 വയസു കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ (അക്യൂട്ട് കിഡ്നി പ്രോബ്ലം, ക്യാന്‍സര്‍, മാനസിക രോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നീ അശരണരായ വനിതകള്‍ക്ക് മാത്രമായി എംപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടത്തുന്ന സ്വയം തൊഴില്‍ പദ്ധതി. എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുണ്ടായിരിക്കണം.അപേക്ഷക വിദ്യാര്‍ഥി ആയിരിക്കുവാന്‍ പാടില്ല. പ്രായപരിധി 18-നും 55നും മധ്യേ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വായ്പ തുകയുടെ 50 ശതമാനം (പരമാവധി 25,000 രൂപ) സബ്സിഡിയായി അനുവദിക്കും.
നവജീവന്‍
കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതി. വായ്പ തുകപരമാവധി 50,000 രൂപയായിരിക്കും. വായ്പ തുകയുടെ 25 ശതമാനം സബ്സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. തിരിച്ചടവും പലിശയും ധനകാര്യ സ്ഥാപനങ്ങളുടെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.
എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുണ്ടായിരിക്കണം. പ്രായപരിധി 50-നും 65നും മധ്യേ ആയിരിക്കണം.വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
കൈവല്യ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കായി എപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി. ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. വായ്പ തുകയുടെ 50 ശതമാനം (പരമാവധി 25,000 രൂപ) സബ്സിഡിയായി അനുവദിക്കും.
എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവില്‍ ഉണ്ടായിരിക്കണം. പ്രായപരിധി 21 നും 55നും മധ്യേ.അപേക്ഷകന്‍ വിദ്യാര്‍ഥിയാകാന്‍ പാടില്ല. കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
ഓംബുഡ്സ്മാന്‍ സിറ്റിംഗ്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജൂണ്‍ രണ്ടിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍മന്ത്രി ആവാസ് യോജന(ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കും.
വിദ്യാവാഹന്‍ പരിശീലന ക്ലാസ്
പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മേയ് 31 ന് രാവിലെ ഒന്‍പത് മുതല്‍ പത്തനംതിട്ട ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂളില്‍ വിദ്യാവാഹന്‍ റോഡ് സുരക്ഷ, സൈക്കോളജി, വിമുക്തി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പരിശീലന ക്ലാസ് നടത്തും. കോഴഞ്ചേരി താലൂക്കില്‍പെടുന്ന എല്ലാ സ്‌കൂളുകളിലെ ഡ്രൈവര്‍മാരും ഡോര്‍ അറ്റന്‍ഡന്റുമാരും നിശ്ചിത സമയത്ത് തന്നെ നിര്‍ബന്ധമായും എത്തിചേരുന്നതിനുളള നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ച് ഉറപ്പു വരുത്തണമെന്ന് ആര്‍.റ്റി.ഒ എ.കെ ദിലു അറിയിച്ചു.
വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്ക് അപേക്ഷിക്കാം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം, ഡേറ്റ എന്‍ട്രി എന്നിവയ്ക്കായി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍/ ഐടിഐ സര്‍വെയര്‍ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ ആറിന് വൈകിട്ട് നാലിന് മുമ്പായി അപേക്ഷ ഗ്രാമപഞ്ചായത്ത് ഓപീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04735 240230.
അഭിമുഖം ജൂണ്‍ ഒന്നിന്
തേക്കുതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം (ജൂനിയര്‍), കെമിസ്ട്രി (സീനിയര്‍) തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ഓഫീസില്‍ ഹാജരാകണം. ഇ-മെയില്‍ : [email protected]
പ്രവേശനോത്സവം
2023-24 അധ്യയന വര്‍ഷത്തെ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂണ്‍ ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ നടത്തും. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാണം നടത്തും.
































