കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ ഇറ്റൂരിക്ക് പുറത്തേക്കും അതിവേഗം പടരുന്നു. ഇറ്റൂരിയിൽ പുതിയ രോഗബാധയും മരണങ്ങളും കഴിഞ്ഞ ഏതാനും ആഴ്ചകളിൽ കുറഞ്ഞെങ്കിലും നോർത്ത് കിവു, ഹൗട്ട്-ഉലെ തുടങ്ങിയ അയൽപ്രവിശ്യകളിൽ രോഗബാധയും മരണവും വലിയ തോതിൽ വർധിച്ചതായി ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 6,843 രോഗബാധകളും 3,310 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിൽ 5,400-ലധികം കേസുകൾ ഇറ്റൂരിയിലാണ്. നിലവിലെ വ്യാപനം 2014-2016 കാലത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പടിഞ്ഞാറൻ ആഫ്രിക്കൻ എബോള വ്യാപനത്തെ മറികടക്കാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോംഗോയിലെ ആരോഗ്യപ്രവർത്തകർക്കും മറ്റ് മുൻനിര പ്രവർത്തകർക്കുമായി കഴിഞ്ഞമാസം മുതൽ എർവെബോ വാക്സിൻ ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിട്ടുണ്ട്. സെയർ എന്നറിയപ്പെടുന്ന സാധാരണ എബോള വകഭേദത്തിനെതിരെ ഫലപ്രദമായ വാക്സിനാണിത്. അതേസമയം, നിലവിലെ വ്യാപനത്തിന് കാരണമായ ബൂൻഡിബുഗ്യോ വൈറസിനെതിരെ അംഗീകൃത വാക്സിൻ കണ്ടെത്താനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളും നടക്കുകയാണ്.
കിഴക്കൻ പ്രവിശ്യകളായ ഷോപോ, ഹൗട്ട്-ഉലെ, ബാസ്-ഉലെ എന്നിവിടങ്ങളിലാണ് വാക്സിനേഷൻ പരീക്ഷണങ്ങൾ ആരംഭിച്ചതെന്ന് ആഫ്രിക്ക സി.ഡി.സി.യുടെ ഗവേഷണം, ക്ലിനിക്കൽ പരീക്ഷണങ്ങൾ, നവീകരണം വിഭാഗം ഡയറക്ടർ പ്ലാസിഡ് മബാല കിംഗെബെനി അറിയിച്ചു.2014-2016 കാലത്തെ എബോള വ്യാപനത്തിൽ 28,000 കേസുകൾ സ്ഥിരീകരിക്കുകയും 11,000 പേർ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ വ്യാപനത്തിൽ രണ്ടുമാസത്തിനുള്ളിൽ തന്നെ മരണസംഖ്യ ആയിരം കടന്നു. 2014-2016 കാലയളവിനെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വേഗത്തിലാണ് 2,500 കേസുകൾ റിപ്പോർട്ട് ചെയ്തതെന്നും അധികൃതർ പറയുന്നു.
നിരീക്ഷണത്തിലുള്ള കേസുകൾക്ക് പുറത്തുനിന്നാണ് ഭൂരിഭാഗം പുതിയ കേസുകളും വരുന്നതെന്നും നിലവിലെ വ്യാപനത്തിന്റെ ഏറ്റവും മോശം ഘട്ടം ഇനിയും വരാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 2013 ഡിസംബറിലാണ് മുൻകാല വ്യാപനത്തിലെ ആദ്യ കേസ് രേഖപ്പെടുത്തിയത്. 2014 മാർച്ചിലാണ് രോഗവ്യാപനം തിരിച്ചറിഞ്ഞത്. മൂന്നുവർഷത്തോളം നീണ്ട വ്യാപനം 2016 ജൂണിലാണ് ഔദ്യോഗികമായി അവസാനിച്ചതായി പ്രഖ്യാപിച്ചത്.
രോഗബാധിതരുടെയോ രോഗം ബാധിച്ച് മരിച്ചവരുടെയോ രക്തം, വിസർജ്യം, മറ്റ് ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പ്രധാനമായും പകരുന്നത്.
കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണപ്പെടാം. രോഗബാധിതരായ മൃഗങ്ങളുടെ വിസർജ്യത്തിലൂടെയും അവയുടെ മാംസം കഴിക്കുന്നതിലൂടെയും മനുഷ്യരിലേക്ക് രോഗം പകരാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ പനി, തലവേദന, പേശിവേദന, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ചിലരിൽ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയ്ക്കൊപ്പം ഗുരുതരമായ രക്തസ്രാവവും ഉണ്ടാകാം. തുടർന്ന് കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറിനെ തുടർന്ന് മരണം സംഭവിക്കാനും സാധ്യതയുണ്ട്.
ശരിയായി പാകം ചെയ്ത മാംസം മാത്രം കഴിക്കുക, രോഗബാധിതരുടെയും മരിച്ചവരുടെയും ശരീരസ്രവങ്ങളുമായി സമ്പർക്കം ഒഴിവാക്കുക, രോഗബാധിതരെ ഒറ്റപ്പെടുത്തുക, എത്രയും വേഗം സഹായചികിത്സ ലഭ്യമാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവയിലൂടെ എബോള പകരാനിടയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.


































