ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി പുതിയ എസ്‌യുവികൾ അവതരിപ്പിച്ചു. സ്‌കൈനോമാഡ് എൻ70 പ്രോ, എൻ70 മാക്‌സ്, എൻ90 മാക്‌സ്, എൻ90 മാക്‌സ് സ്റ്റുഡിയോ എന്നീ മോഡലുകളാണ് കമ്പനി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്. ഇതിൽ തന്നെ ‘സ്‌കൈനോമാഡ് എൻ90 മാക്‌സ് സ്റ്റുഡിയോ’ എന്ന എസ്‌യുവിയാണ് വാഹനലോകത്തിന്റെ ശ്രദ്ധ മുഴുവൻ പിടിച്ചുപറ്റിയിരിക്കുന്നത്. രണ്ട് നിലകളിലായി വിഭവിച്ചിരിക്കുന്ന ഈ വാഹനം ആഡംബര കാറുകളിലെ പുതിയൊരു അനുഭവമാണ് ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നത്.
ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത ഇതിലെ ഇലക്ട്രിക് ലിഫ്റ്റിങ് റൂഫാണ്. ബട്ടൺ അമർത്തിയാൽ വാഹനത്തിന്റെ റൂഫ് മുകളിലേക്ക് ഉയർത്താൻ സാധിക്കും. റൂഫ് ഉയരുന്നതോടെ വാഹനത്തിനുള്ളിൽ ഒരാൾക്ക് സുഖമായി നിവർന്നു നിൽക്കാനും, മുകൾഭാഗം ഒരു സ്ലീപ്പിങ് ബെഡ് ആയി മാറുകയും ചെയ്യുന്നു. 100 എം.എം. വരെ ഉയരുന്ന റൂഫിൽ മൂന്ന് വിൻഡോകൾ, എ.സി. വെന്റുകൾ, 18 വോൾട്ട് ചാർജിങ് പോർട്ടുകൾ, 30 എംഎം കട്ടിയുള്ള കിടക്ക എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇതോടെ വാഹനം പൂർണ്ണമായും ഒരു കാറവാൻ അല്ലെങ്കിൽ ചെറിയൊരു വീട് പോലെ പ്രവർത്തിക്കുന്നു.
റേഞ്ച് എക്‌സ്റ്റെന്റഡ്-റേഞ്ച് ഇലക്ട്രിക് വാഹനമായാണ് (EREV) ഈ മോഡൽ എത്തിയിരിക്കുന്നത്. ഇരട്ട മോട്ടോറുകളിൽ പ്രവർത്തിക്കുന്ന ഇതിൽ 76 കിലോവാട്ട് ബാറ്ററി പാക്കാണുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 462 കിലോമീറ്റർ ഇലക്ട്രിക് റേഞ്ചും, റേഞ്ച് എക്സ്റ്റന്റർ സംവിധാനത്തിന്റെ സഹായത്തോടെ മൊത്തത്തിൽ 1,688 കിലോമീറ്റർ വരെ ആകർഷകമായ റേഞ്ചും ഈ വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. ആഡംബരവും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ഈ വാഹനം ഭാവിയിലെ വാഹന വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.





























