ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് തമിഴിലെ പ്രാചീന കാവ്യഗ്രന്ഥത്തിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയായിരുന്നു പുസ്തക കൈമാറ്റം. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് 2026ൽ പുറത്തിറക്കിയ പതിപ്പിൽ തമിഴ് വരികൾക്കൊപ്പം അവയുടെ ഉച്ചാരണവും അർമേനിയൻ എഴുത്തുകാരിയും ഗവേഷകയുമായ നൈറ മകൃത്ച്യാൻ തയ്യാറാക്കിയ റഷ്യൻ പരിഭാഷയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും റഷ്യയും തമ്മിലുള്ള സാംസ്‌കാരിക സൗഹൃദം കൂടുതൽ ശക്തമാക്കാൻ ഈ ഗ്രന്ഥം സഹായിക്കുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു.
നൂറ്റാണ്ടുകളായി ഇന്ത്യൻ തത്ത്വചിന്ത റഷ്യൻ ചിന്തകരെയും എഴുത്തുകാരെയും സ്വാധീനിച്ചിട്ടുണ്ട്. 17-ാം നൂറ്റാണ്ടുമുതൽ ഇന്ത്യൻ സാഹിത്യങ്ങൾ റഷ്യയിൽ പ്രചരിച്ചിരുന്നു. 19-ാം നൂറ്റാണ്ടിൽ യൂറോപ്യൻ ഭാഷകളിലെ പരിഭാഷകളിലൂടെയാണ് റഷ്യൻ എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയ് തിരുക്കുറളിനെ പരിചയപ്പെടുന്നത്. അഹിംസ, കരുണ, ധർമം തുടങ്ങിയ ആശയങ്ങൾ ടോൾസ്റ്റോയുടെ ചിന്തകളെ സ്വാധീനിച്ചതായാണ് വിലയിരുത്തൽ. മഹാത്മാ ഗാന്ധിയുമായുള്ള കത്തിടപാടുകളിലും ടോൾസ്റ്റോയ് തിരുക്കുറളിനെ പരാമർശിക്കുകയും ഗാന്ധിജിക്ക് ഇത് നിർദേശിക്കുകയും ചെയ്തതായി കരുതപ്പെടുന്നു. എന്നാൽ ഇക്കാര്യം കൃത്യമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. തിരുവള്ളുവർ രചിച്ച തിരുക്കുറളിൽ 133 അധ്യായങ്ങളിലായി 1,330 ഈരടികളാണുള്ളത്.
അറം, പൊരുൾ, ഇമ്പം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് കൃതി ക്രമീകരിച്ചിരിക്കുന്നത്. ബി.സി. 300നും എ.ഡി. 500നും ഇടയിൽ രചിച്ചതായി കരുതപ്പെടുന്ന തിരുക്കുറൾ ലോകത്തിലെ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
തിരുക്കുറളിനെ ഇന്ത്യയുടെ സാംസ്‌കാരിക പ്രതീകമായി മോദി വിവിധ രാജ്യാന്തര വേദികളിൽ അവതരിപ്പിക്കാറുണ്ട്. ഉസ്‌ബെക്കിസ്താൻ, പാപ്പുവ ന്യൂഗിനി, തായ്‌ലാൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾക്ക് അദ്ദേഹം തിരുക്കുറൾ പരിചയപ്പെടുത്തുകയോ സമ്മാനിക്കുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തിനകത്തും പ്രധാന സന്ദർഭങ്ങളിൽ ഇതിലെ ആശയങ്ങൾ മോദി ഉദ്ധരിക്കാറുണ്ട്. 2020ൽ ലഡാക്കിലെ സൈനികരെ അഭിസംബോധന ചെയ്യുമ്പോഴും 2019ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും തിരുക്കുറളിലെ വരികൾ അദ്ദേഹം പരാമർശിച്ചിരുന്നു.
































