2024 പൊതുതെരഞ്ഞെടുപ്പ്; അച്ചടിശാല ഉടമസ്ഥരും
മാനേജര്‍മാരും പ്രത്യേകം ശ്രദ്ധിക്കണം
2024 പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിമാരോ അവരുടെ ഏജന്റുമാരോ അഥവാ സ്ഥാനാര്‍ഥികള്‍ക്കായി മറ്റാരെങ്കിലുമോ പൊളിറ്റിക്കല്‍ പാര്‍ട്ടികളോ പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ പ്രിന്റ് ചെയ്യാന്‍ സമീപിക്കുന്ന പക്ഷം പ്രിന്റിംഗ് ജോലി ഏല്‍പ്പിക്കുന്നവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കേണ്ടതും പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളില്‍ പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേരും മേല്‍ വിലാസവും കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം.ഇവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും പ്രസ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസ്സിസ്റ്റന്റ് എക്സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ക്ക് (ബ്ലോക്ക്
പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന) മൂന്നു ദിവസത്തിനകം കൈമാറണം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കുവേണ്ടി എക്സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.
രേഖകള്‍ കരുതണം
ലോക്സഭാ ഇലക്ഷന്‍ പ്രഖ്യാപിച്ചതിനാല്‍ പോളിംഗ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടു പോകുന്ന പണം, മദ്യം, ആയുധങ്ങള്‍, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് കര്‍ശനമായ പരിശോധന ജില്ലയില്‍ ഉടനീളം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 50,000 രൂപയില്‍ കൂടുതലായ പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റു സാമഗ്രികള്‍ സംബന്ധിച്ച മതിയായ രേഖകള്‍ എല്ലാ യാത്രക്കാരും കൈവശം കരുതണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഫ്ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം പ്രവര്‍ത്തനമാരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടു ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റു സാധനങ്ങളോ വിതരണം ചെയ്യുന്നത് തടയാന്‍ ജില്ലയില്‍ ഫ്ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവയെ വിന്യസിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പരിശോധനാ വേളയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടായാല്‍ പരാതി തെളിവു സഹിതം കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസറെ (നോഡല്‍ ഓഫീസര്‍ ആന്റ് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം) അറിയിക്കാം. ഫോണ്‍ :0468-2270506, 8547610041.
ബുക്കിംഗ് വിവരങ്ങള്‍ അറിയിക്കണം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിമാരോ അവരുടെ ഏജന്റമാരോ രാഷ്ട്രീയ കക്ഷികളോ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റിഹാളുകള്‍ അവരുടെ പരിപാടികള്‍ക്കായി ബുക്ക് ചെയ്യുന്ന പക്ഷം പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുതലയുള്ള അസ്സിസ്റ്റന്റ് എക്സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ (ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന) രേഖാമൂലം അറിയിക്കണം. ഇലക്ഷന്‍ കാലയളവില്‍ ഉള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും അറിയിക്കണം. വീഴ്ച വരുത്തുന്ന പക്ഷം 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു വേണ്ടി എക്സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും മാറ്റി
നാഷണല്‍ ആയുഷ് മിഷന്‍ വിവിധ തസ്തികകളിലേക്ക് സംസ്ഥാന ജില്ലാ അടിസ്ഥാനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും എഴുത്ത് പരീക്ഷയും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തി വെച്ചു. പുതുക്കിയ തീയതികള്‍ www.nam.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍ : 04712474550.
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കി വരുന്ന ജനപ്രിയ പദ്ധതികളായ കെപ്കോ ആശ്രയ, കെപ്കോ വനിതാ മിത്രം പദ്ധതികള്‍ നടപ്പാക്കാന്‍ താത്പര്യമുളള സംസ്ഥാനത്തെ വിവിധ പഞ്ചായത്ത് അധികൃതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ്ട മേല്‍ വിലാസം: മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍, പേട്ട, തിരുവനന്തപുരം, പിന്‍ – 695 024. ഫോണ്‍ : 9495000920, 9495000933.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഒദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പെടെ ഡ്രൈവര്‍ സഹിതം / ഡ്രൈവര്‍ ഇല്ലാതെ ടാക്സി വാഹനം 90 ദിവസത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങള്‍/ സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 23 ന് പകല്‍ മൂന്നുവരെ. ഫോണ്‍ 0468 2214639.
ലഹരിമുക്ത നാളേക്കായി യുവകേരളം – ആസാദ് വാക്കത്തോണ്‍
ലഹരി മുക്തനാളെക്കായി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എന്‍.എസ്.എസിന്റെ ആസാദ് സേന നടത്തിക്കൊണ്ടിരിക്കുന്നത്. ആസാദ് സേനയിലൂടെ സന്ധിയില്ലാത്ത പോരാട്ടമാണ് ലഹരിക്കെതിരെ യുവജനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ആസാദ് സേനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആസാദ് വാക്കത്തോണ്‍ നടക്കുകയാണ്. പത്തനംതിട്ട ജില്ലാ കേന്ദ്രത്തില്‍ നടന്ന വാക്കത്തോണ്‍ പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ ഫ്ളാഗ്ഓഫ് ചെയ്തു. പത്തനംതിട്ട സ്റ്റാന്റ് , കാതോലിക്കേറ്റ്, കോന്നി എസ്.എ.എസ്, സെന്റ്തോമസ്, ഇലന്തൂര്‍ ഗവ. കോളേജ്, ബി.എഡ്കോളേജ്, സെന്റ്മേരീസ് തിരുവല്ല, സെന്റ്തോമസ് കോഴഞ്ചേരി, സി.എ.എസ് മല്ലപ്പള്ളി എന്നീ കോളേജുകളിലെ ഇരുന്നൂറില്‍ പരം എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ പ്രാതിനിധ്യത്തോടെ ലഹരിവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ജില്ലാകേന്ദ്രത്തില്‍ ആസാദ് വാക്കത്തോണും ലഹരിവിരുദ്ധ തെരുവുനാടകങ്ങളും ഫ്ളാഷ് മോബുകളും സംഘടിപ്പിച്ചു.എന്‍.എസ്.എസ് ജില്ലാകോര്‍ഡിനേറ്റര്‍ ജി. രാജശ്രീ അധ്യക്ഷയായ യോഗത്തില്‍ കോളേജുകളിലെ എന്‍.എസ്.എസ്പ്രോഗ്രാം ഓഫീസര്‍മാര്‍, എക്സൈസ്, പോലീസ്, സാമൂഹ്യ നീതിവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഐടിഐ അഡ്മിഷന്‍
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ സ്‌കില്‍ ഹബ് ഇനിഷ്യേറ്റീവ് സ്‌കീമിലേക്ക് പ്ലംബര്‍ ജനറല്‍, ക്രാഫ്റ്റ് ബേക്കര്‍ എന്നീ ഹ്രസ്വകാല കോഴ്സിന് ഐടിഐ ചെന്നീര്‍ക്കരയില്‍ അഡ്മിഷന്‍ ആരംഭിച്ചു. മെയ് രണ്ടിന് ആരംഭിക്കുന്ന സൗജന്യ പരിശീലനത്തിന് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 20. ഫോണ്‍: 0468 2258710, 9447007319.
ലേലം
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് നിര്‍മ്മിക്കുന്നതിന് ഖാദി ബോര്‍ഡില്‍ നിന്നും ഏറ്റെടുത്ത സ്ഥലത്തെ മുറിച്ചുമാറ്റിയ മരങ്ങളുടെ ലേലം ഏപ്രില്‍ രണ്ടിന് രാവിലെ 11 ന് കോളജ് ഓഫീസില്‍ നടക്കും.

































