പത്മ അവാര്‍ഡ്: നാമനിര്‍ദേശം നല്‍കാം
പത്മ അവാര്‍ഡ് – 2025 നായി പൊതുജനങ്ങള്‍ക്കും ഓണ്‍ലൈനായി സ്വയം നാമനിര്‍ദേശം സമര്‍പ്പിക്കാം. https://awards.gov.in, https://padmaawards.gov.in എന്നീ പോര്‍ട്ടലുകളിലൂടെ ജൂലൈ ഏഴിനകം നാമനിര്‍ദേശം സമര്‍പ്പിക്കണം.
ജില്ലാതല പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു;
പൊതു ജനാരോഗ്യനിയമം കര്‍ശനമാക്കും
നിയമസഭ പാസാക്കിയ പൊതുജനാരോഗ്യനിയമം 2023 ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.പി. രാജപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടറാണ് സമിതിയുടെ ഉപാധ്യക്ഷന്‍. ആദ്യഘട്ടത്തില്‍ നിയമത്തിലെ വ്യവസ്ഥകളെ പറ്റി ബോധവല്‍ക്കരണം നടത്തും. പകര്‍ച്ചവ്യാധികള്‍ പടരാനിടയാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ 10,000 രൂപ പിഴ മുതല്‍ തടവുശിക്ഷവരെ ലഭിക്കാം. കുറ്റകൃത്യത്തിന് 2 ലക്ഷം രൂപ വരെ പിഴ ഈടാക്കാം. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണ വസ്തുക്കള്‍ കൈകാര്യംചെയ്യുക, ശുചിത്വമില്ലായ്മ, പഴകിയ ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ സ്ഥാപനം പൂട്ടിക്കാം. ഓവുചാല്‍ തടസപ്പെടുത്തിയാല്‍ 15,000 – 30,000 രൂപ, പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നവെള്ളം, ഭക്ഷണം എന്നിവ വിതരണം ചെയ്താല്‍ 5000 രൂപ മുതല്‍ 10,000 വരെ , വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധകുത്തിവെപ്പ് എടുത്തില്ലെങ്കില്‍ 2000 വരെ, വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് കൊതുകുകളുടെ ഉറവിടം കണ്ടെത്തിയാല്‍ 10,000 രൂപ വരെ പിഴ തുടങ്ങിയ വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന വിധം തെരുവുകളിലും പൊതു സ്വകാര്യസ്ഥലങ്ങളിലും മാലിന്യം ഇട്ടാല്‍ മൂന്നുവര്‍ഷം വരെതടവോ 10,000 മുതല്‍ 25,000 വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം2023 അനുസരിച്ചുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് നിരന്തരമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും പലആളുകളും വീടിന്റെയും സ്ഥാപനത്തിന്റെയും പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ തയ്യാറാകുന്നില്ല. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടതാണ്. പനിപോലെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ നടത്താതെ നിര്‍ബന്ധമായും ആരോഗ്യ സ്ഥാപനങ്ങളിലെത്തി ചികിത്സ തേടണം.
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊതുകുകള്‍ പെരുകുന്നത് തടയാന്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കി ഉറവിടനശീകരണം ഫലപ്രദമായി ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കുക.വീടുകളിലെ ഇന്‍ഡോര്‍ പ്ലാന്റുകളിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക. പൊതു ടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കുക. എലിപെരുകാനുള്ള സാഹചര്യം ഒഴിവാക്കുക. തൊഴിലുറപ്പു തൊഴിലാളികള്‍ മൃഗങ്ങളെ പരിപാലിക്കുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവര്‍, തുടങ്ങി മലിനജല സമ്പര്‍ക്ക സാധ്യതയുള്ള തൊഴില്‍ ചെയ്യുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഡോക്സി സൈക്ലിന്‍ 2001 മില്ലിഗ്രാം ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിച്ചാല്‍ എലിപ്പനി സാധ്യത തടയാന്‍ കഴിയും.
ലാബ് കെമിസ്റ്റ് കോഴ്‌സ്
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ പുതുപ്പള്ളി റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലാബ് കെമിസ്റ്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കെമിസ്ട്രിയില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും, കെമിസ്ട്രി ഒരു ഐച്ഛിക വിഷയമായി പഠിച്ചവര്‍ക്കും അപേക്ഷിക്കാം. പോളിമര്‍ കെമിസ്ട്രി അടിസ്ഥനമാക്കിയുള്ള റബറിന്റെ പ്യൂരിറ്റി – ക്വാളിറ്റി ടെസ്റ്റുകള്‍, സാംപിള്‍ കളക്ഷന്‍ മുതല്‍ ടെസ്റ്റിങ്ങ് വരെയുള്ള പ്രക്രിയകള്‍ എന്നിവ സിലബസില്‍ ഉള്‍പ്പെടുന്നു. ഈ കോഴ്‌സിനെ പറ്റി കൂടുതല്‍ മനസിലാക്കാനും, തൊഴില്‍ സാധ്യതകള്‍ അറിയുന്നതിനുമായി ജൂണ്‍ എട്ടിന് കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ 9676043142, 6235732523 നമ്പറുകളില്‍ ബന്ധപ്പെടണം.
സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി,
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേയ്ക്ക് പ്രവേശനം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍പോളിടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ് പ്രവേശനം ആരംഭിച്ചു. ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നിവയ്ക്ക് പുറമെ പുതിയതായി ആരംഭിച്ച മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നീ കോഴ്‌സുകളിലേയ്ക്കും അപേക്ഷിക്കാവുന്നതാണ്. ജൂണ്‍ 12 വരെ www.polyadmission.org എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 297617, 8547005084, 9446073146 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
കാലവര്‍ഷം എത്തി; ഒരാഴ്ച ശക്തമായ മഴ
സംസ്ഥാനത്ത് മേയ് 30 ന് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ കേരളം തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റ് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളില്‍ ജൂണ്‍ 3 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
































