ക്ഷയരോഗനിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്‍ ആരംഭിച്ചു
ക്ഷയരോഗനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ജില്ലാ ക്ഷയരോഗകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ 100ദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. പൊതുജന പങ്കാളിത്തത്തോടെ മാര്‍ച്ച് 24വരെയാണ് പരിപാടികള്‍. രോഗസാധ്യതകൂടിയ ഗ്രൂപ്പിനെ കണ്ടെത്തി നേരത്തെയുള്ള രോഗ നിര്‍ണയം, ചികിത്സ, പോഷകാഹാരവും തുടര്‍നിരീക്ഷണവും, പുതിയ രോഗികള്‍ ഇല്ലാത്ത സാഹചര്യം, പ്രതിരോധചികിത്സ, പ്രതിരോധശീലങ്ങള്‍ തെറ്റിദ്ധാരണ- വിവേചനം ഒഴിവാക്കുന്നതിനുള്ള ബോധവല്‍ക്കരണം തുടങ്ങിയവയാണ് പ്രധാനമായി നടത്തുന്നത്. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ, രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന പനി, വിറയല്‍, ശരീരംക്ഷീണിക്കുക, ഭാരംകുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തം കലര്‍ന്ന കഫം, വിശപ്പില്ലായ്മ എന്നിവയാണ് ക്ഷയരോഗലക്ഷണങ്ങള്‍. രോഗനിര്‍ണയം, ചികിത്സ തുടങ്ങിയവ സര്‍ക്കാര്‍ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.
ടെന്‍ഡര്‍
കടമ്മനിട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ മാവ്, വാക, കുമ്പിള്‍, ലക്ഷ്മിതരു, അക്വേഷ്യ തുടങ്ങിയ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 24. ഫോണ്‍ : 04735 245613.
———
ടെന്‍ഡര്‍
പറക്കോട് ശിശുവികസനപദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണംചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15. ഇ-മെയില്‍ : [email protected]
ഗവിയില്‍ നിയന്ത്രണം
മകരവിളക്കിന്റെ സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി ജനുവരി 12 മുതല്‍ 15 വരെ റാന്നി വനം ഡിവിഷനിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് വിനോദസഞ്ചാരികളെ കയറ്റി വിടില്ലെന്ന് റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
——–
ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2024 അധ്യയനവര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി. ഐ.ടി.ഐ, ടി.ടി.സി., പോളിടെക്നിക്, ജനറല്‍ നേഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമപരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പും കര്‍ഷക തൊഴിലാളിയാണെന്ന യൂണിയന്‍ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ജനുവരി 31ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ഫോണ്‍ : 0468-2327415.
പി.എസ്.സി അഭിമുഖം 10ന്
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) (കാറ്റഗറി നമ്പര്‍ 705/23) (മലയാളം മീഡിയം) (ബൈ ട്രാന്‍സ്ഫര്‍) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയ്ക്കായി ജനുവരി 10ന് രാവിലെ 09.30ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥിയ്ക്ക് അറിയിപ്പു നല്‍കിയിട്ടുണ്ട്. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04682222665.
——-
ജാഗ്രത പാലിക്കണം
പമ്പ ജലസേചനപദ്ധതിയുടെ ഇടതുകര കനാലില്‍ ജലവിതരണം ആരംഭിച്ചതിനാല്‍ ഇരുകരകളിലുള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടർ അറിയിച്ചു.
തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്. ആര്‍. സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന ഡിപ്ലോമ ഇന്‍ ലൈറ്റ് മ്യൂസിക് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. യോഗ്യത : പത്താം ക്ലാസ്/തത്തുല്യം. പ്രായപരിധി : 17 വയസിന് മുകളില്‍. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് തെരഞ്ഞെടുക്കുന്നത്. വിവരങ്ങള്‍ക്ക് : www.srccc.in ഫോണ്‍ : 9072588860.
——–
വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ്
സ്‌കോള്‍ കേരള മുഖേന 2024-26 ബാച്ചില്‍ രജിസ്‌ട്രേഷന്‍ നേടിയ ഒന്നാം വര്‍ഷ ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് മാസം നടക്കുന്ന പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു. ജനുവരി 11 രാവിലെ 10 മുതല്‍ അടൂര്‍ സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്ലാസ്.