കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍:
എന്‍ട്രികള്‍ ജനുവരി 30വരെ സ്വീകരിക്കും
കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ 2023 ജനുവരി 30-വരെ സമര്‍പ്പിക്കാം. 2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫേട്ടോഗ്രാഫര്‍ക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള മീഡിയ അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിക്കുന്നത്. റിപ്പോര്‍ട്ടില്‍/ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും അയയ്ക്കണം.
ഫോട്ടോഗ്രഫി അവാര്‍ഡിനുള്ള എന്‍ട്രികള്‍ ഒറിജിനല്‍ ഫോട്ടോ തന്നെ അയയ്ക്കണം. ഫോട്ടോകള്‍ 10 x 8 വലുപ്പത്തില്‍ പ്രിന്റുകള്‍ തന്നെ നല്‍കണം. അയയ്ക്കുന്ന കവറിനു പുറത്ത് ഏത് വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ഫലകവും 25,000/ രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക. ജനുവരി 30ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682 030 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ ലഭിക്കണം.
സംസ്ഥാന ക്ഷീരസംഗമം അദാലത്ത്
സംസ്ഥാന ക്ഷീരസംഗമം 2022-23നോട് അനുബന്ധിച്ച് ക്ഷീരകര്‍ഷകര്‍, ക്ഷീരസഹകരണ സംഘങ്ങള്‍, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കെഡിഎഫ്ഡബ്ല്യൂഎഫ്, കെഎല്‍ഡിബി മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ സ്വീകരിച്ച് പരിഹാരം കാണുന്നതിനായി ജില്ലാതലത്തില്‍ സീനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഒരു ടീമിനെയും രൂപീകരിച്ചിട്ടുണ്ട്. ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ്, മില്‍മ, ക്ഷീരസാന്ത്വനം ഇന്‍ഷ്വറന്‍സ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവയുമായി ബന്ധപ്പെട്ട പരാതികളും ക്ഷീരസഹകരണ സംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു / കെട്ടിടത്തിനുള്ള അംഗീകാരം, ക്ഷീരസംഘം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍, മില്‍മയും സംഘങ്ങളും വിതരണക്കാര്‍/ ഉപഭോക്താക്കള്‍ എന്നിവ സംബന്ധിച്ച പരാതികളും അദാലത്തിലേക്ക് നല്‍കാം. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കളക്ട്രേറ്റ് മൂന്നാംനില, പത്തനംതിട്ട- എന്ന വിലാസത്തിലോ [email protected] ഇ-മെയിലിലോ 9539 034 112 എന്ന നമ്പരിലേക്കോ ഈ മാസം 25ന് മുമ്പായി നല്‍കണം.
കെട്ടിട നികുതി
സര്‍ക്കാര്‍ പിഴപലിശ ഒഴിവാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി ഒടുക്കാനുള്ള നികുതി ദായകരെല്ലാം ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി ജപ്തി, പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2 350 229
പക്ഷിപ്പനിക്കെതിരെ മുന്‍ കരുതല്‍ പാലിക്കണം: ഡിഎംഒ
ജില്ലയില്‍ നെടുമ്പ്രം, തിരുവല്ല ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എല്‍.അനിതകുമാരി അറിയിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ജില്ലാകളക്ടറുടെ അധ്യക്ഷതയില്‍ കളക്ടേറ്റില്‍ ആര്‍.ആര്‍.ടിയോഗം കൂടി. മൃഗസംരക്ഷണവകുപ്പ്, പോലീസ്, വനംവകുപ്പ്, ദുരന്തനിവാരണ അതോറിറ്റി, പഞ്ചായത്ത്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ ആര്‍.ആര്‍.ടിയുടെ മൂന്ന് ടീമുകളുടെ നേതൃത്വത്തില്‍ കളളിംഗ് നടത്തുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് പ്രതിരോധ മരുന്നായ ഒസള്‍ട്ടാമിവിര്‍ വിതരണം ചെയ്യുകയും ചെയ്തു. നെടുമ്പ്രം, ചാത്തങ്കരി മേഖലകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 170 പേര്‍ക്ക് ഫീവര്‍ നടത്തുകയും പനി, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തിയ മൂന്നു പേര്‍ക്ക് ഒസള്‍ട്ടാമിവിര്‍ നല്‍കുകയും സാമ്പിള്‍ ശേഖരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്പക്ഷിപ്പനി. സാധാരണയായി പക്ഷികളെയാണ് രോഗം ബാധിക്കുന്നതെങ്കിലും ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്കും രോഗബാധ ഉണ്ടായേക്കാം. പനി, തലവേദന, ചുമ, ശരീരവേദന, ക്ഷീണം, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഇത്തരത്തിലുള്ള എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്. പക്ഷികളുടെ ഇറച്ചിയും മുട്ടയും നല്ലവണ്ണം പാകം ചെയ്തു മാത്രം ഭക്ഷിക്കുക. അണുബാധയുള്ള പക്ഷികള്‍, അവയുടെവിസര്‍ജ്യം, ജഡം എന്നിവ കൈകാര്യം ചെയ്യുന്നവര്‍ മുഖാവരണം, കയ്യുറകള്‍ തൊപ്പി, ബൂട്ടുകള്‍ എന്നിവ ധരിക്കേണ്ടതാണ്. താറാവ്, കോഴി കര്‍ഷകരും പക്ഷിവളര്‍ത്തലുമായി ബന്ധപ്പെട്ട്പ്രവര്‍ത്തിക്കുന്നവരും വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണമെന്നും പക്ഷികള്‍ക്ക് രോഗബാധയുണ്ടായാല്‍ വെറ്റിനറി, ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അവയെനശിപ്പിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അടൂര്‍ ജനറല്‍ ആശുപത്രി വികസന യോഗം ചേര്‍ന്നു
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 14.64 കോടി ചെലവഴിച്ച് കിഫ്ബി നിര്‍മിക്കുന്ന കെട്ടിടത്തിന്റെയും 13 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന മാതൃശിശു ബ്ലോക്കിന്റെയും 1.21 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടിയുളള വാര്‍ഡിന്റെയും 90 ലക്ഷം ചെലവഴിച്ച് നിര്‍മിക്കുന്ന സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും 1.2 കോടി ചെലവഴിച്ച് ചെയ്യുന്ന ഒ.പി നവീകരണത്തിന്റെയും ഉദ്യോഗതല മീറ്റിംഗ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഡി.സജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നിര്‍ദ്ദേശവും നല്‍കി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ശ്രീകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ.ജെ മണികണ്ഠന്‍, പി.ഡബ്യൂ.ഡി കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, മുന്‍സിപ്പല്‍ എഞ്ചിനീയര്‍, എന്‍.എച്ച്.എം എഞ്ചിനീയര്‍, കിഫ്ബി ഹൈറ്റ്സ്, വാപ്കോസ്, കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് പ്രതിനിധികള്‍, പി.ആര്‍.ഒ തുടങ്ങിയവര്‍ പങ്കെടുത്തു.
































