ഇടിച്ചക്കയില്‍ നിന്നും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം 18 ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ക്ഫ്രൂട്ടിന്റെ നേതൃത്വത്തില്‍ ഇടിച്ചക്കയുടെ മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പരിശീലനം ഡിസംബര്‍ 18 ന് രാവിലെ 10 മുതല്‍ തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തും. പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ 8304073906 എന്ന വിലാസത്തില്‍ ഡിസംബര്‍ 16 ന് വൈകിട്ട് നാലിനകം ബന്ധപ്പെടുക.
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിധവാ പെന്‍ഷന്‍ /അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതയല്ല /വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം (വില്ലേജ് ഓഫീസര്‍ /ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) ഈ മാസം 31 നകം കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. 60 വയസ് പൂര്‍ത്തിയായവര്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ലെന്ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 9496042701.
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ സാക്ഷ്യപത്രം നല്‍കണം
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിന് മുകളില്‍ പ്രായമുള്ള ഗുണഭോക്താക്കള്‍ പെന്‍ഷന്‍ മുടക്കമില്ലാതെ ലഭിക്കുന്നതിനായി പുനര്‍വിവാഹം കഴിച്ചിട്ടില്ലായെന്നുളള സാക്ഷ്യപത്രം ഗസറ്റഡ് ഓഫീസര്‍ /വില്ലേജ് ഓഫീസറില്‍ നിന്നും വാങ്ങി ഡിസംബര്‍ 31 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ഇ – ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
രാജ്യത്തെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഇ – ശ്രം പോര്‍ട്ടലില്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇ.പി.എഫ് /ഇ.എസ്.ഐ പദ്ധതികളില്‍ അംഗമല്ലാത്തവരും /സ്വയംതൊഴില്‍ ചെയ്യുന്നവരും അക്ഷയ /കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ, തൊഴില്‍ വകുപ്പും വിവിധ ക്ഷേമനിധി ബോര്‍ഡുകളും നടത്തുന്ന ക്യാമ്പുകള്‍ മുഖേനയോ സ്വന്തമായോ register.eshram.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 16-59 വയസ്. ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ എന്നിവയാണ് ആവശ്യമായ രേഖകള്‍. രജിസ്റ്റര്‍ ചെയ്യുന്നതിനുളള അവസാന തീയതി ഡിസംബര്‍ 31. വിശദവിവരങ്ങള്‍ക്ക് 0468 – 2223169 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്
2021-22 ശബരിമല മണ്ഡലപൂജ – മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. 2022 ജനുവരി 21 വരെയാണ് സേവന കാലാവധി. ഒഴിവുകളുടെ എണ്ണം 12.
അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിംഗ് പാസായിട്ടുളളവരും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ 17 ന് (വെള്ളി) രാവിലെ 10.30ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് – 9496437743.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അപേക്ഷകര്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം ഇളവ് ഉണ്ടായിരുക്കുന്നതാണ്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷകള്‍ ഡിസംബര്‍ 22 ന് വൈകിട്ട് മൂന്നിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.
കേരള നോളജ് ഇക്കണോമി മിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴില്‍മേളകളിലൂടെ തുടക്കമാകും
കേരള സര്‍ക്കാരിന്റെ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്‍ (കെകെഇഎം) പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ 20 ന് തിരുവല്ല മാര്‍ത്തോമ കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയോടെ പത്തനംതിട്ട ജില്ലയില്‍ തുടക്കമാകും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുന്നത്. ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ജോബ് ഫെയറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ജില്ലകള്‍ തെരഞ്ഞെടുക്കാം. പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും നൈപുണ്യത്തിനും യോജിച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താനും അവയില്‍ അപേക്ഷിക്കാനും ഡിഡബ്ല്യുഎംഎസ് പ്ലാറ്റ്ഫോമില്‍ സൗകര്യമുണ്ട്. ഇതുപോലെതന്നെ ജോബ് ഫെയറില്‍ പങ്കെടുക്കുന്ന തൊഴില്‍ദായകര്‍ക്കും കമ്പനികള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ (വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷണല്‍ സ്‌കില്‍, ജീവിത നൈപുണി, കമ്മ്യണിക്കേഷന്‍ സ്‌കില്‍, അസസ്മെന്റ് ഓട്ടോമേറ്റഡ് ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യപ്പെട്ട പ്രൊഫൈലുകള്‍ സിസ്റ്റത്തില്‍ നിന്നുതന്നെ മനസിലാക്കി ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് റെഡിനെസ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനവും കെ – ഡിസ്‌ക്കും കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ഇതുവരെ ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള നോളജ് മിഷന്‍ വെബ് സൈറ്റ് (https://www.knowledgemission.kerala.gov.in) വഴി രജിസ്റ്റര്‍ ചെയ്ത് ജോബ് ഫെയറിലും ജോബ് റെഡിനെസ് പരിശീലനത്തിലും പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കുന്ന കമ്പനികളുടെ വിവിധ ജോലി ഒഴിവുകളില്‍ തങ്ങള്‍ക്ക് അനുയോജ്യമായവ തെരഞ്ഞെടുത്ത് അപേക്ഷിക്കുന്നതിനുള്ള സൗകര്യവും നോളജ് മിഷന്‍ പ്ലാറ്റ്ഫോമില്‍ ഒരുക്കിയിട്ടുണ്ട്. ഐ.ടി – ഐ.ടി.എസ്, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ബ്യൂട്ടി & വെല്‍നസ്, എഡ്യൂക്കേഷന്‍, റീട്ടെയില്‍ കണ്‍സ്ട്രക്ഷന്‍ ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെയും വിദേശത്തുമുള്ള പ്രമുഖ കമ്പനികളായ ടി.സി.എസ്, ഐ.ബി.എസ്, യുഎസ്ടി ഗ്ലോബല്‍, ടാറ്റാ, ലെക്സി, നിസാന്‍, എസ്ബിഐ ലൈഫ്, എച്ച്.ഡി.എഫ്.സി, ക്വസ് കോര്‍പ്പ്, ഐസിഐസിഐ, എസ്എഫ്ഒ, ടൂണ്‍സ് തുടങ്ങി പ്രമുഖ കമ്പനികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കും.
അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം 21, 22 തീയതികളില്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന ഗവ.എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് സ്‌കൂളുകളുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ (നിര്‍മ്മാണ പ്രവൃത്തികള്‍ ഉള്‍പ്പെടെ) ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ 21, 22 തീയതികളിലായി സ്‌കൂള്‍ പ്രധാന അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം ചേരും. 21 ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ തിരുവല്ല ഡി.ഇ.ഒ യുടെ അധീനതയില്‍ വരുന്ന സ്‌കൂളുകളിലേയും 22 ന് രാവിലെ 10.30ന് പത്തനംതിട്ട ഡി.ഇ.ഒ യുടെ കീഴില്‍ വരുന്ന പ്രധാന അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗമാണ് ചേരുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗം റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ /ഏജന്‍സികളുടെ എഞ്ചിനിയര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സംഘാടക സമിതി യോഗം 17 ന്
പത്തനംതിട്ട ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ 2022 ജനുവരി എട്ടു മുതല്‍ 15 വരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി 15 ഇടങ്ങളില്‍ 24 കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഇതിന്റെ ഭാഗമായി ഡിസംബര്‍ 17ന് (വെളളി) വൈകുന്നേരം മൂന്നിന് പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ സംഘാടക സമിതി യോഗം ചേരും.
ലേബര്‍ കോടതി റിക്കാര്‍ഡുകള്‍ കൈപ്പറ്റണം
കൊല്ലം ലേബര്‍ കോടതിയില്‍ 1966 മുതല്‍ തീര്‍പ്പു കല്‍പ്പിക്കപ്പെട്ട കേസുകളുടെ റെക്കോര്‍ഡുകള്‍ ബന്ധപ്പെട്ട കക്ഷികള്‍ തിരികെ കൈപ്പറ്റാതെയുണ്ട്. ഈ റെക്കോര്‍ഡുകള്‍ മതിയായ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് 7 ദിവസത്തിനകം തിരികെ കൈപ്പറ്റണമെന്നും റെക്കോര്‍ഡുകള്‍ തിരികെ കൈപ്പറ്റാത്ത പക്ഷം നിയമാനുസൃതം ഡിസ്പോസ് ചെയ്ത് തുക ട്രഷറിയില്‍ നിക്ഷേപിക്കുമെന്നും കൊല്ലം ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ (ജില്ലാജഡ്ജി) അറിയിച്ചു.
വനിതാ ശിശുവികസന വകുപ്പിന്റെ കാതോര്‍ത്ത് പദ്ധതി
സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണാന്‍ വനിതാ ശിശുവികസന വകുപ്പിന്റെ കാതോര്‍ത്ത് പദ്ധതി. കൗണ്‍സിലിങ്, നിയമസഹായം, പോലീസ് സഹായം എന്നിവ ഈ പദ്ധതി പ്രകാരം ലഭ്യമാകും. സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് http://kathorthu.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ ഓണ്‍ലൈന്‍ സേവനം ലഭ്യമാകും. ജില്ലാ വനിതാ ശിശു വികസന ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്ര വഴിയാണു ജില്ലയില്‍ സേവനം നല്കുന്നത്. മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതിയാണ് കാതോര്‍ത്ത്.
സേവനം ആവശ്യമായവര്‍ ചെയ്യേണ്ടത്
സേവനം ആവശ്യമായ സ്ത്രീകള്‍ക്ക് kathorthu.wcd.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. മഹിള ശക്തി കേന്ദ്ര ടീം കൗണ്‍സിലിങ്ങ്, നിയമസഹായം, പോലീസ് സഹായം എന്നിവ തരം തിരിച്ച് ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റുമാര്‍ക്ക് കൈമാറുകയും സേവനം ആവശ്യപ്പെട്ടിരിക്കുന്ന സമയം തന്നെ ഓണ്‍ലൈനായി സേവനം എത്തിക്കുകയും ചെയ്യുന്നു. വീഡിയോ കണ്‍സള്‍ട്ടേഷന്‍ ആയതിനാല്‍ സൂം പോലെയുള്ള സുരക്ഷിത വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷന്‍ വഴിയാണ് സേവനം ലഭ്യമാക്കുക. രജിസ്ട്രേഷന്‍ സമയത്തുതന്നെ അപേക്ഷകര്‍ക്ക് എസ്എംഎസ്, ഇമെയില്‍ അറിയിപ്പുകള്‍ ലഭിക്കും. അപേക്ഷകരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. സ്ത്രീകളുടെ പ്രശ്നത്തിനും പരിഹാരം കാണാന്‍ കാതോര്‍ത്ത് പദ്ധതിയിലൂടെ സാധിക്കുമെന്നും കൂടുതല്‍ സ്ത്രീകള്‍ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും സേവനം നല്കുന്നതിനായി ജില്ലയില്‍ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യല്‍ കൗണ്‍സിലേഴ്സ്, സോഷ്യല്‍ വര്‍ക്കേഴ്സ്, അഭിഭാഷകര്‍ ഉള്‍പ്പെടെ 14 കണ്‍സള്‍ട്ടന്റുമാര്‍ ലഭ്യമാണെന്നും ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ് തസ്നീം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 – 2966649, 8330862021 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
റാന്നി – പെരുനാട് ഗ്രാമപഞ്ചായത്തില്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം
റാന്നി – പെരുനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ /വിധവാ 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹിതയല്ല/വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രവും (വില്ലേജ് ഓഫീസര്‍/ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) ഈ മാസം 27 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.