21.2 C
Pathanāmthitta
Monday, January 17, 2022 9:11 am
- Advertisment -

സര്‍ക്കാര്‍ അറിയിപ്പുകള്‍

ക്ഷീരഗ്രാമം പദ്ധതി ; അപേക്ഷാ തീയതി നീട്ടി
ക്ഷീര വികസനവകുപ്പ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ 10 പഞ്ചായത്തുകളില്‍ (തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്, കൊല്ലം ജില്ലയിലെ ഇട്ടിവ, കരീപ്ര, ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം, എറണാകുളം ജില്ലയിലെ കോട്ടുവള്ളി, കോട്ടയം ജില്ലയിലെ കറുകച്ചാല്‍, കോഴിക്കോട് ജില്ലയിലെ കടലുണ്ടി, വേളം, കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ടിടം, പെരളശ്ശേരി) നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് ക്ഷീരശ്രീ പോര്‍ട്ടലിലെ ksheerasree.kerala.gov.in സന്ദര്‍ശിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 24 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 – 2445799, 9447477799.

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ സ്ത്രീപക്ഷ നവകേരളം പ്രചാരണ പരിപാടി 18 ന് ഉദ്ഘാടനം നിര്‍വഹിക്കും
സമൂഹത്തില്‍ സ്ത്രീധനം മൂലമുള്ള പ്രശ്നങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ സമൂഹം ഒന്നാകെ ചിന്തിക്കേണ്ടതിന്റെയും നിലവിലെ ചിന്താഗതി മാറ്റി അനാചാരത്തിനെ തുടച്ചു നീക്കേണ്ടതിന്റേയും ആവശ്യകത മനസിലാക്കി കുടുംബശ്രീ സംസ്ഥാന വ്യാപകമായി സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനുമെതിരെ സ്ത്രീപക്ഷ നവകേരളം എന്ന പേരില്‍ ഡിസംബര്‍ 18 (ശനി) മുതല്‍ 2022 മാര്‍ച്ച് 8 വരെ നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടി ആരംഭിക്കും. സംസ്ഥാനതല പരിപാടിയോടൊപ്പം ജില്ലാതലത്തിലും സി.ഡി.എസ് തലത്തിലും വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പ്രചാരണ പരിപാടി ഉദ്ഘാടനം നിര്‍വഹിക്കും.

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേയുള്ള പ്രചാരണം, ഇത്തരം വിപത്തുക്കള്‍ക്കെതിരെ പ്രതിജ്ഞയെടുക്കല്‍, പൊതുജന ബോധവല്‍ക്കരണം മുന്‍നിര്‍ത്തിയുള്ള കാല്‍നട- ടൂവീലര്‍ റാലികള്‍, പോസ്റ്റര്‍ പ്രചാരണങ്ങള്‍, സെമിനാറുകള്‍, സംവാദങ്ങള്‍, അയല്‍ക്കൂട്ടതല പ്രവര്‍ത്തനങ്ങളുടെ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സി.ഡി.എസ് തലത്തില്‍ നടത്തുന്നത്. എ.ഡി.എസ് തലത്തില്‍ സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ ഓക്സിലറി ഗ്രൂപ്പുകളില്‍ ഡിസംബര്‍ 19 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ പ്രത്യേക ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും. സ്ത്രീധനവും സ്വര്‍ണ്ണാസക്തിയും യുവതലമുറയില്‍ വളര്‍ന്നുവരുന്ന ലഹരി ഉപയോഗം പോലുള്ള ദുഷ്പ്രവണതകളും ഇല്ലായ്മ ചെയ്യാനും സ്ത്രീപീഡനങ്ങള്‍ക്ക് അറുതി വരുത്താനും പര്യാപ്തമാകുന്ന സ്ത്രീപക്ഷ സാമൂഹ്യ സാക്ഷരത എല്ലാ ജനങ്ങളിലും ഉണ്ടാക്കുവാനുള്ള യത്നമാണ് കുടുംബശ്രീയുടെ സ്ത്രീപക്ഷ നവകേരളം എന്ന പ്രചരണ പരിപാടി. ഡിസംബര്‍മാസം പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നിരന്തരമായ ദീര്‍ഘകാല ഇടപെടലുകളിലൂടെ ലക്ഷ്യത്തിലേക്കെത്തുക എന്നതാണ് ഉദ്ദേശം.

ഈ പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പന്റെ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍.നിഷാന്തിനി മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ് മോഹനന്‍, പത്തനംതിട്ട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഷെമീര്‍, ജില്ലാ വനിതാ – ശിശു വികസന ഓഫീസര്‍ പി.എസ് തസ്നീം, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതദാസ്, കോന്നി എം.എം.എന്‍.എസ്.എസ് കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം എച്ച്.ഒ.ഡി സി. വര്‍ഗീസ്, ചൈല്‍ഡ് ലൈന്‍ കോ – ഓഡിനേറ്റര്‍ ആതിര സുകുമാരന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സി.ഡി.എസ് – എ.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

ഉദ്ഘാടനത്തിനു മുന്നോടിയായി പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് പത്തനംതിട്ട ടൗണ്‍ വഴി അബാന്‍ ജംഗ്ഷനില്‍ എത്തുന്ന തരത്തില്‍ ടൂവീലര്‍ റാലിയും തുടര്‍ന്ന് സ്ത്രീധനവും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും എന്ന വിഷയത്തില്‍ സെമിനാറും ചര്‍ച്ചയും ഉണ്ടായിരിക്കും.

കമ്പനി സെക്രട്ടറി ഒഴിവ്
എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ തുറന്ന (ഓപ്പണ്‍) വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവ് ഉണ്ട്. യോഗ്യത: ഗ്രാജുവേറ്റ് വിത്ത് അസോസിയേറ്റ് മെമ്പര്‍ഷിപ്പ് ഇന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഇന്‍ ഇന്‍ഡ്യ (എ.സി.എസ്), നിലവില്‍ ലിസ്റ്റഡ് കമ്പനികളില്‍ കമ്പനി സെക്രട്ടറിയായി ജോലി ചെയ്തിട്ടുളളവരും ആകണം. പ്രവര്‍ത്തി പരിചയം: സ്ഥാപനങ്ങളില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തിലോ കണ്‍സള്‍ട്ടന്‍സി സര്‍വീസിലോ ജോലി ചെയ്തത് പ്രവര്‍ത്തി പരിചയമായി കണക്കാക്കില്ല. എഫ്.എ.സി.ടി യില്‍ നിന്നും റിസൈന്‍ ചെയ്തതോ വോളന്ററി റിട്ടയര്‍മെന്റ് ആയവരോ ടേര്‍മിനേറ്റ് ചെയ്തവരെയോ പരിഗണിക്കില്ല.

ശമ്പള സ്‌കെയില്‍ – 36600-62000. 2021 നവംബര്‍ ഒന്നിന് 52 വയസ് തികയാന്‍ പാടില്ല. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 22 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരികളില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 2 ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ /ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം. ഫോണ്‍ : 0484 – 2312944.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അഡീഷണല്‍ മാത്തമാറ്റിക്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സ്‌കോള്‍ കേരള നടത്തുന്ന അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2021-23 ബാച്ചില്‍ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാംവര്‍ഷം ബി ഗ്രൂപ്പില്‍ പ്രവേശനം നേടിയവരായിരിക്കണം. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേനെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം. കോഴ്സ്ഫീസ് 500 രൂപയാണ്. കോഴ്സ് ഫീസ് ഓണ്‍ലൈനായും (ഇന്റര്‍നെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖേനെ), പോസ്റ്റ്ഓഫീസ് മുഖേനയും അടയ്ക്കാന്‍ സൗകര്യമുണ്ട്. ഫീസ് വിവരങ്ങള്‍ക്കും, രജിസ്ട്രേഷനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും
സ്‌കോള്‍ കേരളയുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രോസ്പെക്ടസ് കാണുക.

പിഴകൂടാതെ 2022 ജനുവരി 12 വരെയും, 60 രൂപ പിഴയോടെ 2022 ജനുവരി 19 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി എക്സിക്യൂട്ടീവ്ഡയറക്ടര്‍, സ്‌കോള്‍ കേരള വിദ്യാഭവന്‍, പൂജപ്പുരപി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗം അയച്ചു തരണം. അന്വേഷണങ്ങള്‍ക്ക് സംസ്ഥാന ജില്ലാ ഓഫീസുകളിലെ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടാം. ഫോണ്‍ : 0471 – 2342950, 2342271, 2342369.

സ്‌കോള്‍കേരള ; പ്ലസ് വണ്‍ പ്രവേശന തീയതികള്‍ നീട്ടി
സ്‌കോള്‍ കേരള മുഖേനെ 2021-23 ബാച്ചിലേക്കുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്സുകളുടെ ഒന്നാംവര്‍ഷ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴയില്ലാതെ ഡിസംബര്‍ 24 വരെയും, 60 രൂപപിഴയോടെ ഡിസംബര്‍ 31 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും www.scolekerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം ജില്ലാഓഫീസുകളില്‍ നേരിട്ടും സംസ്ഥാന ഓഫീസില്‍ നേരിട്ടോ തപാല്‍മാര്‍ഗ്ഗമോ എത്തിക്കാം. അന്വേഷണങ്ങള്‍ക്ക് സംസ്ഥാനജില്ലാഓഫീസുകളിലെ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടാം. ഫോണ്‍ : 0471 2342950, 2342271, 2342369.

ക്രിസ്തുമസ് പുതുവത്സര ഖാദി മേള
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നേത്യത്വത്തില്‍ ക്രിസ്മസ് പുതുവത്സര ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു നിര്‍വഹിച്ചു. ഇലന്തൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ പ്രോജക്ട് ഓഫീസര്‍ ആര്‍.എസ്. അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ഗ്രാമവ്യവസായ ഓഫീസര്‍ എസ്.ഹേമകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് കെ.ജി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ചുള്ള സ്പെഷ്യല്‍ റിബേറ്റ് ഡിസംബര്‍ 31 ന് അവസാനിക്കും.

മുട്ട കോഴി കുഞ്ഞുങ്ങളുടെ വിരിയിക്കല്‍ പ്രക്രിയയും തുടര്‍ പരിചരണവും എന്ന വിഷയത്തില്‍ പരിശീലനം
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ട കോഴി കുഞ്ഞുങ്ങളുടെ വിരിയിക്കല്‍ പ്രക്രിയയും തുടര്‍ പരിചരണവും എന്ന വിഷയത്തില്‍ ഡിസംബര്‍ 20 ന് പരിശീലനം സംഘടിപ്പിക്കും. രാവിലെ 10 മുതല്‍ തെള്ളിയൂര്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവരും ഡിസംബര്‍ 18 ന് നാലിന് മുമ്പായി 8078572094, 0469 – 2662094, 2661821 (എക്സ്റ്റന്‍ഷന്‍ 205) എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

മലയാലപ്പുഴ കൃഷി ഭവനില്‍ പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യും
മലയാലപ്പുഴ കൃഷി ഭവനില്‍ 4000 ഹൈബ്രിഡ് ഇനം പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കരം അടച്ച രസീത് 2021 – 22 കോപ്പിയുമായി ആവശ്യമുളള കര്‍ഷകര്‍ കൃഷി ഭവനില്‍ എത്തണം.

ചിത്ര രചനാ, ഫോട്ടോഗ്രാഫി മത്സരങ്ങള്‍ നടത്തും
ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി തലം വരെയുളള കുട്ടികളേയും കോളേജ് വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ചിത്ര രചനാ, ഫോട്ടോഗ്രാഫി മത്സരങ്ങള്‍ നടത്തുന്നു. ഉണരു ഉപഭോക്താവേ ഉണരു എന്ന വിഷയത്തില്‍ പ്ലസ്ടു തലം വരെയുളള കുട്ടികള്‍ക്ക് വാട്ടര്‍ കളര്‍ ചിത്രരചനാ മത്സരവും കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഹരിത ഉപഭോഗവും പ്ലാസ്റ്റിക്ക് മലിനീകരണം എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫി മത്സരവും ഡിസംബര്‍ 20 ന് തിങ്കള്‍ ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കും. മത്സരാര്‍ഥികള്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 20 ന് ഉച്ച കഴിഞ്ഞ് രണ്ടിന് മുന്‍പ് എത്തിച്ചേരണം.

ചിത്രരചനാ മത്സരത്തിനായി വരയ്ക്കാനുളള എ ത്രി പേപ്പര്‍ ഒഴികെ മറ്റ് സാമഗ്രികള്‍ വിദ്യാര്‍ഥികള്‍ തന്നെ കൊണ്ടു വരണം. ഫോട്ടോ ഗ്രാഫി മത്സരത്തിനായി കോളേജ് വിദ്യര്‍ഥികള്‍ 18 ത12 വലിപ്പമുളള കളര്‍ ഫോട്ടോകള്‍ നേരിട്ട് മത്സര വേദിയില്‍ കൊണ്ടു വരണം. മത്സര ചിത്രത്തോടൊപ്പം സോഫ്റ്റ് കോപ്പിയും സമര്‍പ്പിക്കണം പങ്കെടുക്കുന്നവര്‍ 9188527351, 9188527349 എന്നീ നമ്പരുകളില്‍ ഡിസംബര്‍ 20 ഉച്ചയ്ക്ക് 12 നകം രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്ന സ്‌കൂള്‍/കോളേജ് കുട്ടികളുടെ ഫോണ്‍ നമ്പരുകളും അഡ്രസും 8891568379 എന്ന വാട്‌സാപ്പ് നമ്പരില്‍ ലഭിക്കണം. പേര്,വയസ്, വിലാസം,മൊബൈല്‍ നമ്പര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുളള ഐഡിന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ സ്ഥാപന മേധാവി നല്‍കുന്ന സാക്ഷ്യപത്രം സഹിതമുളള എന്‍ട്രികള്‍ ഡിസംബര്‍ 20 ന് 12 നകം ജില്ലാ സപ്ലൈ ഓഫീസര്‍, കളക്ടറേറ്റ്, നാലാം നില, പത്തനംതിട്ട, 689645 എന്ന വിലാസത്തില്‍ നേരിട്ടോ വാട്‌സാപ്പ് നമ്പരിലൂടെയോ ലഭിക്കണം. മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും ഡിസംബര്‍ 24 ന് വൈകിട്ട് മൂന്നിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഉപഭോക്തൃ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച സെമിനാര്‍/സമ്മേളനത്തില്‍ വിതരണം ചെയ്യും . മത്സരാര്‍ഥികള്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 20 ന് ഉച്ച കഴിഞ്ഞ് രണ്ടിന് മുന്‍പായി എത്തിച്ചേരണം.

ഒബിസി- മതന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമുള്ള ഒ ബി സി വിഭാഗത്തിലും, മത ന്യുനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം ) പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു.

3,00,000 രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ ബി സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി 5 ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കിലും 10 ലക്ഷം രൂപ വരെ 7 ശതമാനം പലിശ നിരക്കിലും അതിനു മുകളില്‍ 15 ലക്ഷം രൂപ വരെ 8 ശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കും. ഗ്രാമപ്രദേശത്തു വസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്തു വസിക്കുന്ന 1,20,000 രൂപയില്‍ താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ള മത ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി 20 ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ഇതിനു പുറമെ എട്ടുലക്ഷത്തിനു താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പുരുഷന്മാര്‍ക്ക് 8 ശതമാനം പലിശ നിരക്കിലും സ്ത്രീകള്‍ക്ക് 6 ശതമാനം പലിശ നിരക്കിലും പരമാവധി 30 ലക്ഷം രൂപയും വായ്പ ലഭിക്കും. കാര്‍ഷിക ചെറുകിട വ്യവസായ സേവന മേഖലയില്‍പെട്ട ഓട്ടോറിക്ഷാ വാങ്ങുന്നതുള്‍പ്പെടെ ഏതു സംരംഭത്തിനും വായ്പ നല്‍കും. കൂടാതെ വിവാഹം, വിദ്യാഭ്യാസം, ഭവനപുനരുദ്ധാരണം തുടങ്ങി വിവിധോദ്യേശ പദ്ധതികള്‍ക്കും വായ്പ ലഭ്യമാണ്. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം. വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസിനെ സമീപിക്കാം. ഫോണ്‍ : 0468 – 2226111, 2272111.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular