കുടുംബശ്രീ മിഷന്‍ തൊഴില്‍ നൈപുണ്യ പരിശീലനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മിഷന്‍ വഴി ഉടന്‍ ആരംഭിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് പഞ്ചായത്തില്‍ താമസിക്കുന്ന ബിരുദധാരികളും തൊഴില്‍ രഹിതരുമായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കോഴ്സുകള്‍ : 1) മെഡിക്കല്‍ റിക്കോര്‍ഡ് അസിസ്റ്റന്റ്. ദൈര്‍ഘ്യം-ഏഴ് മാസം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത ബിരുദം (ബി.എസ്.സി ബോട്ടണി അല്ലെങ്കില്‍ സുവോളജി അല്ലെങ്കില്‍ പ്ലസ്ടു ബയോളജി സയന്‍സും ഏതെങ്കിലും ബിരുദവും ഉള്ളവര്‍ക്ക് മുന്‍ഗണന, മെഡിക്കല്‍ കോഡിംഗ്, സ്‌ക്രൈബിംഗ്, ട്രാന്‍സ്‌ക്രിപ്ഷന്‍ എന്നിവ ഉള്‍പ്പെട്ടിട്ടുള്ള കോഴ്സ് ആണിത്.
2) ലോണ്‍ പ്രോസസിംഗ് ഓഫീസര്‍. ദൈര്‍ഘ്യം മൂന്നു മാസം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത :ഏതെങ്കിലും വിഷയത്തില്‍ ഉള്ള അംഗീകൃത ബിരുദം (ഏതെങ്കിലും സ്ഥാപനങ്ങളില്‍, അക്കൗണ്ടിംഗ്, ഫിനാന്‍സിംഗ്, സംബന്ധമായ ജോലികള്‍ ചെയ്തിട്ടുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് ലഭിക്കും.) ബാങ്കിംഗ് മേഖലയില്‍ ജോലി നേടാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കായുള്ള കോഴ്സ് ആണിത്. എല്ലാ കോഴ്സുകള്‍ക്കും ഇന്‍ഡസ്ട്രി ട്രെയിനിംഗ് ഉണ്ടായിരിക്കും. കോഴ്സ്ഫീ, ഹോസ്റ്റല്‍ ഫീ, എന്നിവയും പരിശീലന കാലയളവിലെ ഭക്ഷണം, പുസ്തകം പഠന ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും.
കോഴ്സുകള്‍ തിരുവനന്തപുരം ജില്ലയിലെ എംഇഎസ് സെന്ററില്‍ നടത്തപ്പെടും. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്തര്‍ ദേശീയ തലത്തില്‍ അംഗീകാരമുള്ള എസ്.എസ്.സി സര്‍ട്ടിഫിക്കറ്റും കൂടാതെ പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പേര്, പഞ്ചായത്ത്, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ 9142041102 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുകയോ ഇതേ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. നേരിട്ട് അപേക്ഷിക്കാനുള്ള ലിങ്ക് https://forms.gle/7h9LpHuNGgUp4T8h6. കേന്ദ്രഗ്രാമ വികസനമന്ത്രാലയത്തിനു കീഴിലുള്ള പദ്ധതി ആയതിനാല്‍ പഞ്ചായത്തില്‍ താമസിക്കുന്ന വര്‍ക്ക് മാത്രമേ കോഴ്സില്‍ ചേരാന്‍ അവസരം ലഭിക്കുകയുള്ളു.
ഔഷധ-ഫല വൃക്ഷ തൈകളുടെ വിതരണം
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും പത്തനംതിട്ട ജില്ലാ പഞ്ചായത്തും ചേര്‍ന്ന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കി വരുന്ന പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിലെ നദിതീര പ്രദേശത്തെ വീട്ടുവളപ്പികളിലെ ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ ഔഷധ-ഫല വൃക്ഷ തൈകളുടെ വിതരണം നടത്തി. ബുധനാഴ്ച രാവിലെ വാഴക്കുന്നത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് വൃക്ഷ തൈ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൃഷ്ണകുമാരി, രാധാകൃഷ്ണന്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍ എന്നിവര്‍ സംബന്ധിച്ചു.
കെഎസ്ടിപി അദാലത്ത്
പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനത്തിനായി ചേത്തോങ്കര വലിയ തോടിന്റെ സി.എച്ച് 53/900 മുതല്‍ 54/650 വരെ ഏറ്റെടുത്ത സ്ഥലം പൂര്‍ണമായി വിനിയോഗിച്ച് തോടിന്റെ വീതി വര്‍ധിപ്പിക്കും. ഇതിനായി ഏറ്റെടുത്ത വസ്തുവിലെ മരങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ തോടിന്റെ വീതി കൂട്ടല്‍ പ്രവൃത്തികള്‍ ആരംഭിക്കും. പുനലൂര്‍- മൂവാറ്റുപുഴ റോഡിന്റെ (ഡിപിആര്‍) വിശദ പദ്ധതി രേഖ പ്രകാരം എല്ലാ പ്രവൃത്തികളും കൃത്യമായി പൂര്‍ത്തിയാക്കുമെന്നും റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിഹരിക്കുന്നതിന് ആദാലത്ത് സംഘടിപ്പിക്കുമെന്നും കെഎസ്ടിപി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നടത്തി വരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
സര്‍ക്കാര്‍ അംഗീകാരമുളള ഡി.സി.എ (ആറുമാസം), വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി (മൂന്ന് മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ് ടോപ്പ് ടെക്നോളജീസ് എന്ന അഡ്വാന്‍സ്ഡ് കോഴ്സിലേക്കും അപേക്ഷിക്കാം. ഫോണ്‍ : 8547632016. വിലാസം : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ.ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍.
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് പ്രായോഗിക പരീക്ഷ
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പൂകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (കാറ്റഗറി നം.074/2020) (പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു മാത്രമായുളള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയുടെ 15/01/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ ഏപ്രില്‍ 20 ന് രാവിലെ ആറു മുതല്‍ കൊല്ലം ആശ്രാമം ഗ്രൗണ്ടില്‍ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ രാവിലെ ആറിന് തന്നെ ഗ്രൗണ്ടില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍ 0468 – 2222665.