ലോക് അദാലത്ത് എട്ടിന്
സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കോടതി കോംപ്ലക്‌സിലെ കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ അതത് താലൂക്കിലുള്ള കോടതികളിലും ഫെബ്രുവരി എട്ടിന് ലോക് അദാലത്ത് നടത്തും.
ഒത്തു തീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍, സെക്ഷന്‍ 138 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, കുടുംബ കോടതി കേസുകള്‍, തൊഴില്‍, വൈദ്യുതി, വെള്ളക്കരം, റവന്യു, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. അദാലത്തില്‍ പരിഗണിക്കുന്ന കേസുകളില്‍ ധന സംബന്ധമായ കേസുകള്‍ ചര്‍ച്ചയിലൂടെ ഇളവുകള്‍ നല്‍കിയാണ് തീര്‍പ്പാക്കുന്നത്.
ബാങ്ക്, രജിസ്‌ട്രേഷന്‍, പഞ്ചായത്ത്, കെഎസ്എഫ്ഇ, കോ-ഓപ്പറേറ്റീവ് ബാങ്ക്, മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സേഷന്‍, വൈദ്യുതി എന്നിവ സംബന്ധമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കണമെന്നുണ്ടെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായോ, അടൂര്‍, തിരുവല്ല, റാന്നി എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായോ ഉടന്‍ ബന്ധപ്പെടണം. ഫോണ്‍: 0468-2220141.
മണിനാദം നാടന്‍പാട്ട് മത്സരം
കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മണിനാദം എന്ന പേരില്‍ നാടന്‍പാട്ട് മത്സരം(ഗ്രൂപ്പ്) ജില്ലാതലത്തില്‍ സംഘടിപ്പിക്കും. യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റു ചെയ്തു പ്രവര്‍ത്തിക്കുന്ന യുവാ ക്ലബുകളിലെ മത്സരങ്ങളിലൂടെയായിരിക്കും ജില്ലാതല മത്സരങ്ങള്‍ക്കു യോഗ്യത നേടുക. ജില്ലാതല മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന നാടന്‍പാട്ട് ടീമിന് ട്രോഫിയും യഥാക്രമം 25,000, 10,000, 5000 എന്ന ക്രമത്തില്‍ ക്യാഷ് അവാര്‍ഡും നല്‍കും. ഒന്നാം സ്ഥാനം നേടുന്ന ടീം മാര്‍ച്ച് ആറിന് ചാലക്കുടിയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. ഫോണ്‍: 9446100081, 0468-2231938.
സ്‌കോള്‍ കേരള വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ്
സ്‌കോള്‍ കേരള മുഖേന പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ചിലെ പൊതുപരീക്ഷയ്ക്ക് സജ്ജരാകുന്നതിന്റെ ഭാഗമായി മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് കൗണ്‍സലിംഗ് നല്‍കും. തിരുവല്ല എംജിഎം എച്ച്എസ്എസില്‍ ഫെബ്രുവരി ഒന്നിന് രാവിലെ 10ന് കൗണ്‍സലിംഗ് നടക്കും. എല്ലാ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കള്‍ക്കൊപ്പം സ്‌കോള്‍ കേരള തിരിച്ചറിയല്‍ കാര്‍ഡുമായി കൗണ്‍സലിംഗിന് എത്തണം. ഫോണ്‍: 0468-2325499.
വിനിമയം 2020 ജില്ലാതല കള്‍ച്ചറല്‍ ട്വിന്നിംഗ് പ്രോഗ്രാം
എസ്എസ്‌കെ പത്തനംതിട്ടയുടെ വിനിമയം 2020 കള്‍ച്ചറല്‍ ട്വിന്നിംഗ് പ്രോഗ്രാം ഫെബ്രുവരി 15 ന് രാവിലെ 9.30-ന് അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരപ്രദേശത്തെയും, ഗ്രാമപ്രദേശത്തെയും കുട്ടികള്‍ തമ്മിലുള്ള ഉള്‍ച്ചേരലാണ് ഈ പരിപാടിയിലൂടെ നടക്കുക.
നാടിന്റെ ചരിത്രം, സാംസ്‌കാരിക വൈവിധ്യം, കല, ഭാഷാസവിശേഷതകള്‍, തൊഴില്‍, ജീവിതസാഹചര്യങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ വിനിമയം 2020ലൂടെ കുട്ടികള്‍ പങ്കുവയ്ക്കും. കുട്ടികളുടെ പരസ്പര ഇടപെടലിലൂടെ വ്യക്തിബന്ധവും, സാമൂഹിക ബന്ധവും മെച്ചപ്പെടുത്തുന്നതിനും, വിവിധ വിഷയങ്ങളില്‍ പാഠ്യപദ്ധതി മുന്നോട്ടുവയ്ക്കുന്ന പഠനലക്ഷ്യങ്ങള്‍ ഫലപ്രദമായി നേടിയെടുക്കുകയുമാണ് ഈ പരിപാടിയിലൂടെ വിഭാവനം ചെയ്യുന്നത്. ആത്മാവിഷ്‌കാരപരമായ രചനകള്‍, വിവരണങ്ങള്‍, അനുഭവക്കുറിപ്പുകള്‍ എന്നിവ കുട്ടികള്‍ തയാറാക്കും. അതിഥി, ആതിഥേയ വിഭാഗങ്ങളുടെ അനുഭവങ്ങള്‍ വിവിധ ആവിഷ്‌കാര രൂപങ്ങളായി രേഖപ്പെടുത്തി ലഘു പുസ്തകം തയാറാക്കും.
സംസ്ഥാന കവിതാ ക്യാമ്പ് മൂലൂര്‍ സ്മാരകത്തില്‍
കേരള സാഹിത്യ അക്കാദമിയുടെയും സരസകവി മൂലൂര്‍ സ്മാരകത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ ഫെബ്രുവരി ഏഴ് മുതല്‍ ഒന്‍പത് വരെ സംസ്ഥാനതല കവിതാക്യാമ്പ് നടത്തും. ഫെബ്രുവരി ഏഴിന് രാവിലെ 10ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി മോഹനന്റെ അധ്യക്ഷതയില്‍ കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ സാഹിത്യ സംഗമങ്ങളില്‍ ഡോ.പി. സോമന്‍, ഇ.പി. രാജഗോപാലന്‍, കെ.എം. അജീര്‍കുട്ടി, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ പാശ്ചാത്യ, പൗരസ്ത്യ ലാവണ്യ ദര്‍ശനങ്ങളുടെയും ചരിത്രം രൂപപ്പെടുന്ന വര്‍ത്തമാനകാലത്തിന്റെയും വെളിച്ചത്തില്‍ കവിത, കാവ്യാസ്വാദനം, പരിഭാഷ, രചനാതന്ത്രങ്ങള്‍ തുടങ്ങിയവയെ സമഗ്രമായി വിശകലനം ചെയ്ത് ക്ലാസ് നയിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന കവികള്‍ക്ക് രചനകള്‍ അവതരിപ്പിക്കാനും ആസ്വാദക പക്ഷത്തു നിന്നു വിലയിരുത്തലുകള്‍ നടത്താനും അവസരം ലഭിക്കും.
ത്രിദിന ക്യാമ്പ്
നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിദിന നേതൃത്വ പരിശീലന ക്യാമ്പിലേക്ക് 15നും 29 വയസിനും മധ്യേ പ്രായമുള്ള ക്ലബ് അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആദ്യം അപേക്ഷിക്കുന്ന 40 പേര്‍ക്കാണ് അവസരം ലഭിക്കുക. മൂന്നു ദിവസത്തെ താമസം, ഭക്ഷണം, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. ഫെബ്രുവരി അവസാനവാരം മൈപ്രയിലാണ് ക്യാമ്പ്. ഫോണ്‍: 7558892580, 0468-2962580.
ദ്വിദിന ഭക്ഷ്യോത്പാദന സാങ്കേതിക ക്ലിനിക് തിരുവല്ലയില്‍
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യോത്പാദനം, സാങ്കേതിക വിദ്യ തുടങ്ങിയ വിഷയങ്ങളില്‍ ദ്വിദിന ക്ലിനിക് ഫെബ്രുവരി നാലിനും അഞ്ചിനും തിരുവല്ല തിലക് ഹോട്ടലില്‍ നടക്കും. ഫെബ്രുവരി നാലിന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ദ്വിദിന ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറക്കല്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. നൂതന സാങ്കേതിക വിദ്യകള്‍, ഉത്പാദന രീതികള്‍, മേഖലകള്‍, ആകര്‍ഷകമായ പാക്കേജിംഗ്, ബാര്‍കോഡിംഗ്, ലേബലിംഗ്, വിപണനതന്ത്രങ്ങള്‍, സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ പരിചയപ്പെടാന്‍ അവസരമൊരുക്കും. ഭക്ഷ്യോത്പാദന രംഗത്ത് സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്കും സംരംഭകര്‍ക്കുമായാണ് ദ്വിദിന ഭക്ഷ്യോത്പാദന സാങ്കേതിക ക്ലിനിക്ക് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന- ജില്ലാതല എംഎസ്എംഇ അവാര്‍ഡ് ജേതാക്കളായ തിരുവല്ല ജോളി ഫുഡ്‌സ്, വടശേരിക്കര ആശ ഫുഡ് പ്രൊഡക്ട്‌സ് എന്നിവരെ പരിപാടിയില്‍ ആദരിക്കും.