വോട്ടര്‍ പട്ടിക – രേഖകള്‍ ഹാജരാക്കണം
2020 പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാര്‍ച്ച് 16ന് മുമ്പ് അപേക്ഷിച്ചവരില്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകള്‍ ഹാജരാക്കാത്തവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഈ മാസം 11നകം പഞ്ചായത്തില്‍ രേഖകള്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
ആസൂത്രണ സമിതിയോഗം 11ന്
ജില്ലാ ആസൂത്രണ സമിതിയോഗം 11ന് ഉച്ചയ്ക്ക് ശേഷം 3.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ഗ്രാന്റ് ഇന്‍ എയ്ഡ്
സംസ്ഥാനത്തെ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് കെയര്‍ ഹോം ഫോര്‍ മെന്റലി ഇന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന് 2020-21 വര്‍ഷത്തെ ഗ്രാന്റ് ഇന്‍ എയ്ഡിന് അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 15 വരെ സ്വീകരിക്കും. കൂടുതല്‍ വിവരം സാമൂഹ്യനീതി വകുപ്പ് വെബ്‌സൈറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോണ്‍: 0468 2325168.
കൊവിഡ്-19 ധനസഹായം
ജില്ലാ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡിന്റെ പരിധിയില്‍ കൊവിഡ്-19 പ്രത്യേക ധനസഹായം ലഭിക്കാത്ത തൊഴിലാളികള്‍ക്ക് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഐഡി ബുക്ക്, അംശദായം അടയ്ക്കുന്ന പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഭവന നിര്‍മാണ ആനുകൂല്യത്തിന് അപേക്ഷിക്കാം
മൈലപ്ര ഗ്രാമപഞ്ചായത്തില്‍, പട്ടികജാതി വികസന വകുപ്പില്‍ നിന്നും ലൈഫ്മിഷന് ലഭ്യമാക്കിയ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും, ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിതഭവനരഹിതര്‍ എന്നീ വിഭാഗങ്ങളിലായി മുന്‍കാലങ്ങളില്‍ ആനുകൂല്യം ലഭിക്കാതിരുന്നതുമായ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവനിര്‍മാണ ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷ ഈ മാസം 15നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍: 04682 222340.
കെട്ടിട നികുതി
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കുടിശികയും വ്യാപാര ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിവിധ ലൈസന്‍സും പുതുക്കുന്നതിന് പിഴ കൂടാതെ ഫീസ് ഒടുക്കുന്നതിനുള്ള തീയതി ഈ മാസം 30 വരെ ദീര്‍ഘിപ്പിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശിക ഒടുക്കുന്നതിനുള്ള സമയപരിധി ജൂലൈ അഞ്ച് വരെയും നീട്ടി.