ശബരിമല തീര്‍ഥാടനം: സ്‌ക്വാഡിനെ നിയമിച്ച് ഉത്തരവായി
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ ഭക്ഷണശാലകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം, വൃത്തി, അധിക വില തുടങ്ങിയവ പരിശോധിക്കുന്നതിനായുളള സ്‌ക്വാഡിനെ നിയമിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി.
റവന്യൂ, പോലീസ്, റൂറല്‍ ഡെവലപ്‌മെന്റ്, ഹെല്‍ത്ത്, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിലെ അംഗങ്ങള്‍. അഞ്ച് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുക.
ജീവനക്കാര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 48 മണിക്കൂറിനുളളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും സ്റ്റാമ്പ് സൈസ് ഫോട്ടോയും ഹാജരാക്കണം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇത്തവണ തീര്‍ഥാടകര്‍ക്കു നിയന്ത്രണങ്ങളോടെയാണു ദര്‍ശനം ഒരുക്കിയിരിക്കുന്നത്.
ശബരിമല തീര്‍ഥാടനം: സാനിട്ടേഷന്‍ സൂപ്പര്‍വൈസര്‍മാരെ നിയമിച്ച് ഉത്തരവായി
ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി സാനിട്ടേഷന്‍ സൂപ്പര്‍വൈസര്‍മാരെ നിയമിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. ജില്ലാ കളക്ടര്‍ ചെയര്‍മാനായും അടൂര്‍ ആര്‍.ഡി.ഒ മെമ്പര്‍ സെക്രട്ടറിയായുമുളള ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിക്കാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം. ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ജീവനക്കാര്‍ അന്നേ ദിവസം രാവിലെ 10 ന് ശബരിമല എ.ഡി.എം മുമ്പാകെ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ ഹാജരാകണം.
‘കരുതലോടെ ശരണയാത്ര’ ആരോഗ്യ ബോധവത്ക്കരണ കാമ്പയിന്‍ വരുന്നു
മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് കോവിഡ് 19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘കരുതലോടെ ശരണയാത്ര’ എന്ന പേരില്‍ പ്രത്യേക ബോധവത്ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു.
കാമ്പയിന്റെ ഉദ്ഘാടനം നവംബര്‍ 13ന് രാവിലെ 11ന് കളക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍വഹിക്കും.
ലോകത്തിന്റെ പല ഭാഗങ്ങളിലും, മറ്റ് സംസ്ഥാനങ്ങളിലും തീര്‍ഥാടനത്തോട് അനുബന്ധിച്ച് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ഇത്തവണത്തെ ശബരിമല തീര്‍ഥാടന കാലം സുരക്ഷിതമായിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും ഉള്ള നിരവധി ആളുകള്‍ തീര്‍ഥാടനത്തിന് എത്തിച്ചേരുന്ന സ്ഥലമാണ് ശബരിമല.
തീര്‍ഥാടന കാലത്ത് അനുവര്‍ത്തിക്കേണ്ട കോവിഡ് 19 മാനദണ്ഡങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് രോഗവ്യാപനം തടയുക, മല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യകരമായ ശീലങ്ങള്‍ തീര്‍ഥാടകരിലേക്ക് എത്തിച്ചു കൊണ്ട് ഹൃദയാഘാതം, ശ്വാസതടസം എന്നിവ മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കുക, ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന സംവിധാനങ്ങളെ കുറിച്ച് തീര്‍ഥാടകര്‍ക്ക് അവബോധം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നും ഡിഎംഒ പറഞ്ഞു.
കാട വളര്‍ത്തല്‍ പരിശീലനം
മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 17ന് രാവിലെ 10.30 മുതല്‍ ഒന്നു വരെ ‘കാട വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ളാസ് നടക്കും. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പര്‍ :918852271.
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഈ മാസം 23ന്
2020ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഈ മാസം 23ന് ആരംഭിക്കും. ഐ.ടി.ഐകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന 2018-ല്‍ അഡ്മിഷന്‍ നേടിയ രണ്ട് വര്‍ഷ കോഴ്സുകാര്‍, 2019ല്‍ അഡ്മിഷന്‍ നേടിയ ഒരു വര്‍ഷ കോഴ്സിലേയും റെഗുലര്‍, സപ്ളിമെന്ററി ട്രെയിനികള്‍ക്കുള്ള പരീക്ഷയും, മുന്‍ വര്‍ഷങ്ങളില്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രെയിനികളുടെ സപ്ളിമെന്ററി പരീക്ഷയും ഇതോടൊപ്പം നടക്കുമെന്ന് ചെന്നീര്‍ക്കര ഗവ: ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് detkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെന്നീര്‍ക്കര ഗവ: ഐ.ടി.ഐയുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോണ്‍ 0468 2258710.