അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം
കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള യുഡി ക്ലാര്‍ക്ക്, യുഡി ടൈപ്പിസ്റ്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ സേവനം അനുഷ്ഠിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് ടെസ്റ്റ് പാസായവര്‍ അന്യത്ര സേവനവ്യവസ്ഥകള്‍ പാലിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 21. വിശദ വിവരത്തിന് 0484 2422275 എന്ന നമ്പരില്‍ ബന്ധപ്പെടുക.
അപകടകരമായ മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ച് മാറ്റണം
കാലവര്‍ഷവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകടകരമായി നിലകൊള്ളുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്ത് റെഡ്ഡി അറിയിച്ചു. മുറിച്ച് മാറ്റാത്ത പക്ഷം അപകടങ്ങളുണ്ടായാല്‍ അതിന് പൂര്‍ണ്ണ ഉത്തരവാദി ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥനായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
സ്‌കോള്‍ കേരള പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സ്‌കോള്‍ കേരള മുഖേന 2020-22 ബാച്ചില്‍ ഹയര്‍ സെക്കണ്ടറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച് ഇതിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രജിസ്‌ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് വെബ്‌സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കോവിഡ്-മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അനുവദിച്ച പരീക്ഷാ കേന്ദ്രത്തില്‍ ഹാജരായി കോഡിനേറ്റിങ് ടീച്ചറുടെ മേലൊപ്പും സ്‌കൂള്‍ സീലും തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തി വാങ്ങി ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ 2021-ലെ പ്ലസ് വണ്‍ പരീക്ഷാ വിജ്ഞാപനം അനുസരിച്ച് പരീക്ഷാഫീസ് അടക്കേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.രതീഷ് കാളിയാടന്‍ അറിയിച്ചു.
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികജാതി/പട്ടികവര്‍ഗ റെസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലേക്കും വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യ എംആര്‍എസുകളിലെ ആറാം ക്ലാസിലേക്കും മറ്റ് എംആര്‍എസുകളില്‍ അഞ്ചാം ക്ലാസിലേക്കും പ്രവേശനത്തിന് എല്ലാ ജാതി വിഭാഗക്കാരും ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല. ജാതി, വരുമാനം വിദ്യാര്‍ഥിയുടെ ആധാര്‍ കാര്‍ഡ് കോപ്പികള്‍ എന്നിവയും അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. താല്‍പര്യമുള്ള മൂന്ന് എംആര്‍എസുകളിലേക്ക് പ്രവേശത്തിനായി ഓപ്ഷന്‍ നല്‍കാം. പൂരിപ്പിച്ച അപേക്ഷ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി, പിന്‍- 689672 എന്ന വിലാസത്തിലോ, അല്ലെങ്കില്‍ ഇ-മെയില്‍ ആയി [email protected] ലേക്കോ അയയ്ക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10 വൈകുന്നേരം അഞ്ചു മണി. അപേക്ഷാഫോമിനും വിശദ വിവരത്തിനും ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9496070349, 9496070333.
റേഷന്‍- ഭക്ഷ്യകിറ്റ് വിതരണം
പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്കുകളിലും മേയ് മാസത്തെ വിതരണത്തിനായി അനുവദിച്ച റേഷന്‍ സാധനങ്ങള്‍ കാര്‍ഡ് ഉടമകള്‍ക്ക് ജൂണ്‍ അഞ്ച് (ശനിയാഴ്ച്ച) വരെ റേഷന്‍ കടകളില്‍ നിന്നും ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹന്‍കുമാര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം ജൂണ്‍ അഞ്ചിന് അവസാനിക്കും. മേയ് മാസത്തെ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.