ജമ്മു: പഹൽഗാം ആക്രമണത്തിന് മുന്നേയും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി വിവരങ്ങൾ. ഡൽഹിയിൽ പിടിയിലായ ഐഎസ്ഐ ഏജന്റ് അൻസാരിയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. അതേസമയം പാക് കരസേനാ മേധാവിക്കെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. കരസേനാ മേധാവി ജനറൽ അസീം മുനീറിന് തീവ്രമത കാഴ്ചപ്പാടാണെന്ന് ജയശങ്കർ പ്രതികരിച്ചു. അതിനിടെ ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു. സ്ഥലത്ത് സംയുക്ത സേന തെരച്ചിൽ ഊർജ്ജിതമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് മുൻപും രാജ്യത്ത് ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഡൽഹിയിൽ പോലീസിന്റെ പിടിയിലായ ഐ എസ് ഐ ഏജന്റ് അൻസാറുൽ മിയാൻ അൻസാരിയിൽ നിന്ന് പാക് ചാരവൃത്തി തെളിയിക്കുന്ന രേഖകൾ കണ്ടെടുത്തു.
ഫോറൻസിക് പരിശോധനയിൽ ഇവ നിർണായക സൈനിക രേഖകൾ ആണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഡൽഹിയിലെ സേന ക്യാംപ് അടക്കമുള്ളവയുടെ വിവരം നേപ്പാൾ സ്വദേശിയായ അൻസാരി ശേഖരിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യ പുറത്താക്കിയ പാക് ഹൈക്കമ്മീഷൻ അംഗം മുസഫിലീനും ഇതിൽ പങ്കുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ അറിയിക്കുന്നു. പിടിയിലായ ഐഎസ് ഐ ഏജന്റ് അൻസാരിയുടെ ചോദ്യം ചെയ്യലിലിൽ മറ്റൊരു പ്രതി അഖ്ലാഖ് അസമിനെയും റാഞ്ചിയിൽ നിന്നും കസ്റ്റഡിയിലെടുത്തു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഐ എസ് ഐ ഉദ്യോഗസ്ഥർക്ക് തന്ത്രപ്രധാനമായ രേഖകൾ കൈമാറുന്നതിൽ അൻസാരിയെ സഹായിച്ചത് ഇയാളാണെന്നും പോലീസ് പറയുന്നു.