തൃശൂർ : കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കാലിലൂടെ കയറിയിറങ്ങി കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി ശെൽവനാണ് പരിക്കേറ്റത്. തെറ്റായ ദിശയിലൂടെ വന്ന ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. വഴിയരികിൽ കിടന്നുറങ്ങിയ ശേഷം ശെൽവൻ എഴുന്നേറ്റ് റോഡിലൂടെ നടക്കുന്ന സമയം ബസ് വന്ന് ഇടിക്കുകയായിരുന്നു.
ഇയാളുടെ കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയും ചെയ്തു. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശെൽവന്റെ ഒരു കാൽ പൂർണമായും തകർന്ന നിലയിലാണ്. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ശെൽവനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. അപകടത്തിന് ശേഷം സ്റ്റാന്‍ഡില്‍ ബസ് കയറ്റിയിട്ട ശേഷം ഡ്രൈവറും കണ്ടക്ടറും സ്ഥലംവിട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.