കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച നാവിക സേനയുടെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് സന്ദേശം അയച്ചവര്‍ കപ്പല്‍ ശാലക്കുള്ളില്‍ തന്നെയുള്ളവരെന്ന് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കൈമാറാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയം ആയതിനാല്‍ തന്നെ കരുതലോടെയാണ് പോലീസിന്റെ നീക്കം.
കേന്ദ്ര ഇന്റലിജന്‍സും, എന്‍ഐഎയും അടക്കമുള്ള ഏജന്‍സികളും അന്വേഷണം നടത്തിയിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവര്‍ പിടിയിലായെന്നും ഇവരെ കേന്ദ്ര ഏജന്‍സികള്‍ മാറി മാറി ചോദ്യം ചെയ്യുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കപ്പല്‍ ശാലയ്ക്കുള്ളിലെ വിവിധ കേന്ദ്രങ്ങള്‍ കൃത്യമായി കാണിച്ചുകൊണ്ടുള്ള ഭീഷണിയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കപ്പല്‍ശാലയിലെ ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്തിരുന്നു. സന്ദേശം അയച്ചിരിക്കുന്നത് വ്യാജ ഐപി ഉപയോഗിച്ചാണ്.
കപ്പല്‍ശാലയിലെ ഒന്നിലധികം ഉദ്യോഗസ്ഥര്‍ക്കും ഭീഷണി സന്ദേശം എത്തിയിരുന്നു. ചൈന, പാക്കിസ്ഥാന്‍ എന്നിവയുടെ ചാരവലയത്തില്‍ താന്‍ പെട്ടുപോയെന്ന് കത്തില്‍ പറയുന്നു. ഇനിയും വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ ബിറ്റ്‌കോയിനായി പണം കൈമാറണമെന്ന് കത്തില്‍ പറയുന്നുണ്ട്. ജോലിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ അയച്ച കത്താണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.