പത്തനംതിട്ട : ടൗണിലെ 77 പച്ചക്കറി-പലവ്യഞ്ജന കടകളില്‍ സംയുക്ത സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 13 കടകളില്‍ ക്രമക്കേട് കണ്ടെത്തി. ഇതോടൊപ്പം 13 മത്സ്യ വിതരണ സ്റ്റാളുകളില്‍ പരിശോധന നടത്തിയതില്‍ ഒന്‍പത് ഇടങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ മൂന്നു കേസുകളും, ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ 10 കേസുകളും, സിവില്‍ സപ്ലൈസ് വിഭാഗത്തിന്റെ ഒന്‍പതു കേസുകളും ഉള്‍പ്പെടെ 22 കേസുകള്‍ക്ക് നോട്ടീസ് നല്‍കി നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ മേല്‍നോട്ടത്തില്‍ സിവില്‍ സപ്ലൈസ്, റവന്യൂ, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി എന്നീ വകുപ്പുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പൊതുവിപണിയിലെ പൂഴ്ത്തിവയ്പ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. റെയ്ഡിന് ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി.മോഹന്‍കുമാര്‍ നേതൃത്വം നല്‍കി.
റെയ്ഡില്‍ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍. വിപിന്‍, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ ചുമതലയുളള നീതു രവികുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ അയൂബ് ഖാന്‍, ആര്‍. ഗണേഷ്, ആര്‍. അഭിമന്യു, ബി. മൃണാള്‍സെന്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ എസ്. ആശ എന്നിവരും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും, ഫുഡ്‌സേഫ്റ്റി, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു.