കോട്ടയം : ജില്ലയിൽ അമിത വില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കാൻ നിർദ്ദേശം. ജില്ലയിലെ ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ അമിത വിലയും, വാങ്ങിക്കുന്ന തുകയുടെ ഗുണനിലവാരം ഇല്ലെന്നുള്ള വാർത്ത സത്യം ഓൺലൈൻ പുറത്തുവിട്ടിരുന്നു. വാർത്ത പുറത്തുവന്നതോടെ സാമൂഹിക പ്രവർത്തകൻ ബെയ് ലോൺ എബ്രഹാമും ഉഴവുർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീനി തങ്കപ്പനും ഈ വിഷയത്തിൽ ഇടപെടുകയും മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി അമിത വില ഈടാക്കുന്നതിന് എതിരെ കർശന നടപടി എടുക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
സിവിൽ സപ്ലൈസ്, ലീഗിൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ, കൃഷി, പോലീസ് എന്നീ വകുപ്പുകളുടെ സംയുക്ത ജില്ലാതല സ്ക്വാഡ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തും. താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ താലൂക്ക് തലങ്ങളിൽ പ്രത്യേക പരിശോധനയും ഉണ്ടാകും. ഒരേ ഭക്ഷ്യ ഉത്പന്നങ്ങൾക്ക് പലകടകളിൽ പല വിലയാണ് ഈടാക്കുന്നത്. ജില്ലയിലെ വ്യാപാര മേഖലയിലെ സ്ഥാപനങ്ങളിൽ വില്പന നടത്തുന്ന മുഴുവൻ ഉത്പന്നങ്ങളുടെ വില നിർബന്ധമായും പ്രദർശിപ്പിക്കണം. കോട്ടയം ജില്ലയിൽ മാത്രമല്ല സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ-ലീഗൽ മെട്രോളജി നിയമങ്ങളും കാറ്റിൽ പറത്തിയാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.