നേപ്പാൾ: നേപ്പാളിലെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായെ പിന്തുണയ്ക്കുന്നവര്‍ രാജഭരണം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ കലാപത്തില്‍ അധികൃതര്‍ നൂറു പേരെ അറസ്റ്റ് ചെയ്തു. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ പ്രതിഷേധക്കാര്‍ കല്ലേറ് നടത്തുകയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസ് ആക്രമിക്കുകയും ചെയ്തു. ഇതിന് പുറമേ തലസ്ഥാനത്തെ കടകള്‍ കൊള്ളയടിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ടെലിവിഷന്‍ ക്യാമറാമാന്‍, ഒരു പ്രതിഷേധക്കാരന്‍ എന്നിവരാണ് പ്രതിഷേധത്തിനിടയില്‍ കൊല്ലപ്പട്ടത്. 112 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കാഠ്മണ്ഡുവിലെ പാര്‍ലമെന്റ് മന്ദിരമായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. ഇത് പോലീസ് തടഞ്ഞു. പിന്നാലെ സാഹചര്യം മോശമായതോടെ സൈന്യം രംഗത്തെത്തി. അധികൃതര്‍ തലസ്ഥാനത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തിയെങ്കിലും ശനിയാഴ്ച രാവിലെ ഏഴു മണിയോടെ അത് പിന്‍വലിച്ചു. ഇതുവരെ 105 പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ വീടുകള്‍ക്ക് തീവയ്ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തവരാണ്.