കരുനാഗപ്പള്ളി : ഹിന്ദു യുവതിയെ വിവാഹം കഴിച്ച മുസ്ലിം യുവാവിന് പള്ളിക്കമ്മറ്റിയുടെ ഊര് വിലക്ക്. ജമാഅത്ത് അംഗമായ അയണിവേലികുളങ്ങര അന്‍ഷാദ് മന്‍സിലില്‍ അബ്ദുല്‍ സമദിന്റെ മകന്‍ ബസാമിനെയാണ് ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിന് ഊരു വിലക്കിയത്. കരുനാഗപ്പള്ളി കോഴിക്കോട് ഇസ്ലാഹുല്‍ മുസ്ലിമീന്‍ ജമാ അത്ത് കമ്മറ്റിയാണ് ഊര് വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്. ഊരുവിലക്കിനെതിരെ ഒരു വിഭാഗം പള്ളിക്കമ്മറ്റി അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു.
ബസാം ഹിന്ദു മതത്തില്‍പെട്ട യുവതിയുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയബന്ധം അറിഞ്ഞ കുടുംബക്കാര്‍ വിവാഹം നടത്തിക്കൊടുത്തു. ഇതോടെയാണ് പള്ളിക്കമ്മറ്റിക്കാര്‍ തനി സ്വഭാവം പുറത്തെടുത്തത്. ജമാഅത്തിന്റെ നിയമാവലിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ ബസാമിനോടും കുടുംബത്തോടും പൂര്‍ണ്ണനിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവരില്‍ നിന്ന് പള്ളയിലേയ്ക്കുള്ള മാസവരി പോലു പിരിക്കണ്ട എന്നാണ് തീരുമാനം.പള്ളിയും മതവുമായി യാതൊരു വിധ ആനുകൂല്യങ്ങളും നല്‍കുകയോ അരുത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കരുത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആഘോഷ പരിപാടികളില്‍ ഉസ്താദുമാരുടെ സാന്നിധ്യം പാടില്ല. ഇത്തരത്തിലുള്ള കാര്യങ്ങള്‍ വ്യക്തമാക്കി കൊണ്ട് 10 വര്‍ഷത്തേക്കാണ് ബസാമിന്റെ കുടുംബത്തിന് പ്രാകൃതമായ രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ജമാഅത്ത് ഖബറുസ്ഥാന്‍ ബസാമിന് അവകാശപ്പെട്ടതാണെന്നും മരണം പോലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ഖബറുകുഴിക്കല്‍, കുളിപ്പിക്കല്‍, കഫന്‍ ചെയ്യല്‍, കബറടക്കല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും ബസാമിന്റെ പിതാവ് സഹോദരങ്ങള്‍ എന്നിവരില്‍ നിക്ഷിപിതമായിരിക്കും എന്നും ജമാ അത്ത് പരിപാലന സമിതി ഇറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി പതിനൊന്നിനാണ് ബസാമിന് വിലക്കിക്കൊണ്ടുള്ള പ്രഖ്യാപനം ജമാ അത്ത് കമ്മറ്റി പുറപ്പെടുവിച്ചിരിക്കുന്നത്. പള്ളിക്കമ്മറ്റിയുടെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. ഈ കാലഘട്ടത്തിലും ഇത്തരം ദുരാചാരങ്ങള്‍ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളിലും ഇസ്ലാം രാജ്യങ്ങളിലുമാണ് ഇത്തരം ദുരാചാരമുള്ളതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ബസാമിന്റെ കുടുംബത്തിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും വിശദീകരണം ലഭിച്ചതിന് ശേഷം പുനഃപരിശോധന നടത്തുമെന്നുമാണ് പള്ളിക്കമ്മറ്റി പറയുന്നത്. ഇസ്ലാം മതത്തിലെ വ്യവസ്ഥകള്‍ തെറ്റിച്ചതിനാലാണ് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സ്ഥലങ്ങളില്‍ ഉള്ളപോലെയുള്ള നടപടിയാണിതെന്നും പള്ളിക്കമറ്റിയുടെ വാദം. ബസാമിന്റെ കുടുംബം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സംഭവം പുറത്തറിഞ്ഞതോടുകൂടി സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിക്ഷേധമാണ് പള്ളിക്കമ്മറ്റിനേരെ ഉയരുന്നത്..